ഹരിപ്പാട്: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാൻ സ്വന്തം വീട് സൗജന്യമായി നൽകി പ്രവാസിയും കുടുംബവും കൊവിഡ് കാലത്തെ മാതൃകയായി.
കാർത്തികപ്പള്ളി പുതുക്കുണ്ടം ശ്രീവത്സത്തിൽ അജികുമാറാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചേർത്തല സ്വദേശികളായ മൂന്ന് വനിതാ ജീവനക്കാർക്കു വേണ്ടി വീട് വിട്ടുകൊടുത്തത്. വാഹനസൗകര്യം ഇല്ലാത്തതിനാൽ ദിവസേന വീട്ടിൽ പോയി വരുന്നത് ജീവനക്കാർക്ക് ബുദ്ധിമുട്ടാണെന്ന വിവരം ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് അല്ലി റാണിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ വിദേശത്തുള്ള അജികുമാറിനെ വിവരമറിയിച്ചു. 17 വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ് അജികുമാർ. ഭാര്യ ലേഖ രണ്ടു മക്കളുമൊത്ത് സ്വന്തം വീടായ പത്തിയൂരിലാണ് താമസം. ഇടയ്ക്ക് മാത്രമാണ് ഈ വീട്ടിൽ എത്തുന്നത്. ആരോഗ്യ പ്രവർത്തകർക്ക് വീട് വിട്ടുനൽകാൻ ലേഖയും സമ്മതം അറിയിച്ചതോടെ ജീവനക്കാരായ സുജാത, സിജി തോമസ്, രാജി എൻ.നായർ എന്നിവർ ഇവിടേക്കു താമസം മാറി. വാടക നൽകാമെന്ന് ഇവർ പറഞ്ഞെങ്കിലും അജികുമാർ നിരസിച്ചു. വീട്ടിലെ മുഴുവൻ സാധനങ്ങളും ഉപയോഗിക്കാനുള്ള അനുവാദവും നൽകിയിട്ടുണ്ട്.
2017ലാണ് വീടിന്റെ വാസ്തുബലി ചടങ്ങുകൾ നടന്നത്. ചടങ്ങു കഴിഞ്ഞു വിദേശത്തേക്ക് മടങ്ങിയ അജികുമാർ, വിമാന സർവ്വീസ് നിറുത്തി വച്ചിരിക്കുന്നതിനാൽ നാട്ടിലെത്താനാവാത്ത അവസ്ഥയിലാണ്.