ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവർത്തിക്കുന്ന നഴ്സുമാരെ എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളിയുടെ നേതൃത്വത്തിൽ ആദരിച്ചു. ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പ്രതിനിധികളെന്നോണം ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ്, ഹെഡ് നേഴ്സും നേഴ്സിംഗ് സൂപ്പർവൈസറുമായ അനിതകുമാരി എന്നിവരെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. ചടങ്ങിൽ നഴ്സുമാരും ജീവനക്കാരും പങ്കെടുത്തു. 'വിളക്കേന്തിയ വനിത' എന്ന് വിശ്വപ്രസിദ്ധയായ ഫ്ലോറൻസ് നൈറ്റിംഗലിന്റെ 200-ാമത് ജൻമദിന നാളിലാണ് ആദരം നടന്നതെന്നതും ശ്രദ്ധേയമായി.
കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചുള്ള സേവനമാണ് നഴ്സുമാർ ചെയ്യുന്നതെന്ന് സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ആവേശം നൽകുന്നത് രാപകലെന്യേ കഷ്ടപ്പെടുന്ന നഴ്‌സുമാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ, സ്റ്റാഫ് നഴ്സ് വിനീതകുമാരി, യോഗം മുൻ ബോർഡ് മെമ്പർ ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, ജയകമാർ പാറപ്പുറം, രഞ്ജിത് രവി, വിനു ധർമ്മരാജ്, ശ്രീജിത്ത്, അനിൽകുമാർ ഇരമത്തർ എന്നിവർ പങ്കെടുത്തു.
യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷണ വിതരണത്തിന്റെ ഏഴാം ദിവസമായിരുന്ന ഇന്നലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യേണ്ട പൊതിച്ചോർ ചുനക്കര മേഖലയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര, മാന്നാർ പൊലീസ് അധികൃതർക്ക് കൈമാറി. ഇന്ന് തഴക്കര മേഖലയുടെ അഭിമുഖ്യത്തിൽ ഭക്ഷണവിതരണം നടക്കും. സുനിൽകുമാർ കുന്നം, അഖിലേഷ് ശങ്കർ, വിനീത് വിശ്വനാഥൻ, ഷീജ ധർമ്മരാജ്, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകും.