ആലപ്പുഴ: സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി ലീഗൽ മെട്രോളജി അധികൃതർ ജില്ലയിൽ നടത്തിയ പരിശോധനയിൽ 42 റേഷൻ കടകളിൽ അളവ് തൂക്ക ക്രമക്കേടു കണ്ടെത്തി.

പുലിയൂർ, മാവേലിക്കര കല്ലുമല, കൊച്ചു കലവൂർ, മണ്ണഞ്ചേരി, പള്ളിപ്പുറം, വേളോർവട്ടം, കളവങ്കോടം എന്നിവിടങ്ങളിലെ റേഷൻ കടകൾക്കെതിരെ അളവിൽ കുറച്ച് വില്പന നടത്തിയതിന് കേസെടുത്തു. മൂന്ന് റേഷൻ കടകളിൽ നിന്ന് 15,000 രൂപ പിഴ ഈടാക്കി. അഞ്ച് കടകൾക്കെതിരെ തുടർ നടപടികളാരംഭിച്ചു. കുപ്പി വെള്ളത്തിന് 13 രൂപ സർക്കാർ വില നിശ്ചയിച്ചെങ്കിലും 20 രൂപയ്ക്ക് വില്പന നടത്തിയ അർത്തുങ്കൽ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ബേക്കറികൾക്ക് 5000 രൂപ വീതം പിഴ ഈടാക്കി. പാൽ സൂഷിക്കാൻ ഫ്രീസർ ഉപയോഗിക്കുന്നതിനാൽ 25 രൂപ വേണമെന്ന വിചിത്രന്യായം പറഞ്ഞ് മിൽമ പാലിന് 25 രൂപ ഈടാക്കിയ വഴിച്ചരി മാർക്കറ്റിലെ ഫ്രൂട്ട്‌സ്‌ കടക്കാരനും 5000 രുപ പിഴ ഒടുക്കേണ്ടി വന്നു. ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് ആലപ്പുഴ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.