മാവേലിക്കര: കറ്റാനത്ത് എക്‌സൈസ് സംഘം നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിൽ 65 ലിറ്റർ കോടയും 1.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.
എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജയരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കറ്റാനം ഇരുട്ടിപ്പണത്തറയിൽ സ്മിതേഷ് (27), വാത്തികുളത്ത് നടന്ന പരിശോധനയിൽ തെക്കേക്കര വാത്തികുളം മുറിയിൽ ചേങ്കര വീട്ടിൽ കണ്ണൻ (40) എന്നിവരാണ് പിടിയിലായത്. സ്മിതേഷിന്റെ വീടിന്റെ അടുക്കളയിൽ 3 ബക്കറ്റിലും പ്രഷർ കുക്കറിലുമായി സൂക്ഷിച്ചിരുന്ന 35 ലിറ്റർ കോട, 1.5 ലിറ്റർ ചാരായം, ഗ്യാസ് ബർണർ, ഗ്യാസ് കുറ്റി, പാസ്റ്റിക്ക് ട്യൂബ് എന്നിവ കണ്ടെടുത്തു. കണ്ണന്റെ പക്കൽ നിന്നു 30 ലിറ്റർ കോടയാണ് പിടിച്ചെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫീസർമാരായ പ്രമോദ്, ഹാരിസ്, സി.ഇ.ഒ മാരായ എൻ.സി.അനി, അജേഷ്, അജീഷ് കുമാർ, ഡബ്ല്യു.സി.ഇ.ഒ വീണ എന്നിവർ പങ്കെടുത്തു.