ja

എടത്വാ: മണിമല ആറ്റിൽ മുങ്ങിമരിച്ച മകന്റെ സംസ്‌കാര ചടങ്ങ് പ്രവാസിയായ പിതാവ് കണ്ടത് മൊബൈൽ ഫോണിലൂടെ.

തലവടി രണ്ടാം വാർഡ് നാരകത്തറമുട്ട് തടത്തിൽ ജെയ്‌സണിന്റെ (21) സംസ്‌കാര ചടങ്ങാണ് കൊവിഡിനെത്തുടർന്ന് ദുബായിൽ കുടുങ്ങിപ്പോയ സജി തത്സമയം മൊബൈലിലൂടെ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3.30നാണ് തലവടി പുരയ്ക്കൽ കടവിന് സമീപം മണിമല ആറ്റിൽ ജയ്സൺ മുങ്ങി മരിച്ചത്. സുഹൃത്തുമൊത്ത് കുളിക്കുന്നതിനിടെ ആറിന് കുറുകെ നീന്തുമ്പോൾ കാല്‍ കുഴഞ്ഞ് മുങ്ങിപ്പോവുകയായിരുന്നു. ദുബായിൽ നിന്ന് ഉടൻ മടങ്ങിവരാൻ സജിക്ക് കഴിയില്ലെന്നതിനാൽ പിതാവിന്റെ അസാന്നിദ്ധ്യത്തിൽ സംസ്‌കാര ചടങ്ങ് നടത്താൻ ബന്ധുക്കൾ തീരുമാനിച്ചു.
ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റേയും നിർദ്ദേശങ്ങൾ പാലിച്ചാണ് ഇന്നലെ രാവിലെ 11.30ന് സംസ്‌കാര ചടങ്ങ് പൂർത്തിയാക്കിയത്. തലവടി ഇവാഞ്ചലിക്കൽ പള്ളിയിലായിരുന്നു സംസ്കാരം. മാതാവ് ജിഷയും ഏക സഹോദരൻ ജെസ്‌വിനും അടുത്ത ബന്ധുക്കളും മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. മല്ലപ്പള്ളി മാർ ഇവാനിയോസ് കോളേജിൽ മൂന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് ജെയ്‌സൺ.