പ്രാർത്ഥനയോടെ നാടിന്റെ യാത്രയയപ്പ്
ചേർത്തല: കണ്ണിലെ കാൻസറിന് അടിയന്തര ചികിത്സ വേണ്ട ഒന്നര വയസുകാരി അൻവിതയുമായി ഇന്നലെ ചേർത്തലയിൽ നിന്നു പുറപ്പെട്ട ആംബുലൻസ് ലോക് ഡൗൺ തടസങ്ങളെല്ലാം മറികടന്ന് ഇന്ന് ഹൈദരാബാദിലെ ആശുപത്രിയിലെത്തും.
അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി വേഗത്തിലായത്. സോഷ്യൽ സെക്യൂരിറ്റി മിഷന്റെ നിർദ്ദേശപ്രകാരം സി.പി.എം നിയന്ത്റണത്തിലുള്ള ചേർത്തലയിലെ സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റർ കെയർ സൊസൈറ്റിയുടെ ഹൈടെക് ആംബുലൻസിലാണ് യാത്ര. ഇന്നലെ രാവിലെ 7.30നാണ് നാടിന്റെ സ്നേഹവും പ്രാർത്ഥനയും പകർന്ന ആത്മവിശ്വാസത്തിന്റെ അകമ്പടിയോടെ രക്ഷിതാക്കൾ അൻവിതയുമായി യാത്ര തിരിച്ചത്.
ചേർത്തല നഗരസഭ 21-ാം വാർഡ് മുണ്ടുവെളി വിനീത് വിജയന്റെയും ഗോപികയുടെയും മകളായ അൻവിത നാളുകളായി ഹൈദരാബാദ് എൽ.വി. പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇന്ന് രണ്ട് ആശുപത്രികളിലും കീമോ അടക്കം നടത്തി നാളെ നാട്ടിലേക്കു മടങ്ങും. എം.മനോജ്, ആർ.രാജീവ് എന്നിവരാണ് ആംബുലൻസ് ഡ്രൈവർമാർ. സംസ്ഥാന ചീഫ് സെക്രട്ടറിയും, പൊലീസും ഇടപ്പെട്ട് മൂന്നു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കടന്നു പോകുന്ന ജില്ലകളിലെ പൊലീസ് മേധാവികൾക്കും രേഖാമൂലം സന്ദേശം കൈമാറിയിട്ടുണ്ടെന്ന് മന്ത്റി കെ.കെ. ശൈലജയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് യാത്രയുടെ നിരീക്ഷണ ചുമതല. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസും മുൻ മുഖ്യമന്ത്റി ഉമ്മൻ ചാണ്ടിയും സുഗമ യാത്രയ്ക്ക് ഇടപ്പെട്ടിട്ടുണ്ട്. തെലുങ്കാനയിലെ മലയാളി അസോസിയേഷനും സർക്കാരുമായി ബന്ധപ്പെട്ട് സഹായങ്ങൾ ഒരുക്കി.
ഇന്നലെ രാവിലെ സോഷ്യൽ സുരക്ഷാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം.സി.ജിൻസ്, നഴ്‌സിംഗ് ചുമതലയുള്ള ശ്രീദേവി മധു എന്നിവരെത്തി യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കി ചെലവിനുള്ള തുകയും കൈമാറി. യാത്രയ്ക്കായി ആദ്യം ക്രമീകരണം നടത്തിയ സേവാഭാരതി പ്രവർത്തകർ ആംബുലൻസ് സൗകര്യം വരെ ഒരുക്കിയിരുന്നു. സർക്കാർ ഇടപെട്ടതോടെ, ഇതിനായി ലഭിച്ച തുക ചികിത്സയ്ക്കായി കൈമാറി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, സേവാഭാരതി ജില്ലാ സെക്രട്ടറി എസ്.ജയകൃഷ്ണൻ, സാന്ത്വനം ചുമതലയുള്ള സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.പി.പ്രതാപൻ, കെ.പി.സി.സി നിർവാഹക സമിതിയംഗം എസ്.ശരത്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, അരുൺ കെ.പണിക്കർ, സന്ദീപ് തുടങ്ങിയവർ യാത്രയാക്കാൻ എത്തിയിരുന്നു.