ആലപ്പുഴ:കൊയ്ത്ത് തടയാൻ ശ്രമിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് കളക്ടർ എം. അഞ്ജന അറിയിച്ചു. കൊയ്ത്തും സംഭരണവും അവശ്യ സേവനങ്ങളുടെ പട്ടികയിലാണ്. മുട്ടാറിൽ ചിലർ കൊയ്ത്ത് യന്ത്രം തടയാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ അറിയിപ്പ്.
മുട്ടാറിലെ പാടശേഖര സമിതി നെല്ല് കൊയ്യാനായി കൊയ്ത്തു യന്ത്രങ്ങളുടെ കരാറുകാരുമായി ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ കരാർ ഒപ്പിട്ട ജില്ലയിലെ മറ്റു പാടശേഖരങ്ങളിലെ കൊയ്ത്തു കഴിഞ്ഞ ശേഷം മാത്രമേ മുട്ടാറിലെ പാടശേഖര സമിതിയുടെ 32 ഏക്കർ പരിഗണിക്കാൻ നിർവാഹമുള്ളൂവെന്നും കളക്ടർ അറിയിച്ചു. കരാർ ഒപ്പിട്ട പാടശേഖര സമിതിക്കാരുടെ 540 ഏക്കർ കൊയ്യാനായി പോകുംവഴിയാണ് കൊയ്ത്തുയന്ത്രം മുട്ടാറിൽ തടഞ്ഞത്