ആലപ്പുഴ:കുട്ടനാടൻ പാടശേഖരങ്ങളിലെ നെൽകൃഷി വിളവെടുപ്പ് അട്ടിമറിക്കാൻ മുട്ടാർ കേന്ദ്രീകരിച്ച് ചിലർ നടത്തിയ ശ്രമങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും അവശ്യ സർവ്വീസ് നിയമ പ്രകാരവും നടപടിയെടുക്കാൻ കളക്ടർക്കും കൃഷി പ്രിൻസിപ്പൽ ഓഫീസർക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി.
ഇത്തരം ക്രിമിനൽ നടപടികൾ മുളയിലേ നുള്ളിയില്ലെങ്കിൽ കുട്ടനാടൻ പാടശേഖരങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. മുട്ടാറിൽ പാടശേഖര കമ്മിറ്റികൾ കരാറുണ്ടാക്കിയ കൊയ്ത്ത് മുഴുവൻ പൂർത്തിയാക്കായ ശേഷം 6 യന്ത്രങ്ങൾ കഴിഞ്ഞ 2നു ശേഷം വീയപുരത്തേക്ക് നൽകാനായിരുന്നു തീരുമാനം. എന്നാൽ മുട്ടാറിൽ ഒരു പാടശേഖരത്തിന്റെ ഭാരവാഹികൾ കരാറിന് തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇവിടെ യന്ത്രം ഇറക്കാൻ പറ്റില്ല. കരാർ വച്ചില്ലെങ്കിലും കൊയ്യണം എന്ന പേരിൽ പാടശേഖര ഭാരവാഹികൾ 6 യന്ത്രങ്ങളും തടഞ്ഞു. ഒടുവിൽ 4 യന്ത്രങ്ങൾ വിട്ടയച്ചു. 2 യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ തഹസിൽദാർ ഇടപെട്ട് അനുനയം ഉണ്ടാക്കി. ഇതിലൊന്ന് ചെളിയിൽ താഴ്ന്നു. രണ്ടാമത്തെ യന്ത്രം മാത്രമായി ഉപയോഗിക്കാൻ പറ്റില്ലെന്നു പറഞ്ഞ് വീണ്ടും ഇവർ രംഗത്തെത്തുകയായിരുന്നു. ഇക്കാര്യത്തിൽ ഇടപെടാൻ പഞ്ചായത്തിലെ കൃഷി ഓഫീസർ ശ്രമിച്ചില്ല. ഇതും ഗുരുതര വീഴ്ചയാണ്. മുട്ടാർ കൃഷി ഓഫീസർക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കർഷക സംഘടനകളും കർഷക തൊഴിലാളി സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിയമത്തിൽ ഊന്നിയാണ് പ്രവർത്തിക്കേണ്ടത്. കൊവിഡ് 19ന്റെ സാഹചര്യത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ അനുവദിക്കില്ല. വേണ്ടി വന്നാൽ മുട്ടാറിൽ നേരിട്ടെത്തി പ്രശ്നം കൈകാര്യം ചെയ്യും. മുട്ടാറിലെ ഒരു കൂട്ടം ആളുകളുടെ നിയമവിരുദ്ധ പ്രവർത്തനം കാരണം വീയപുരത്ത് സമയത്ത് കൊയ്ത്ത് നടക്കാതിരുന്നതിൽ ഖേദിക്കുന്നു. 4 യന്ത്രങ്ങൾ അയച്ചിട്ടുണ്ട്. ബാക്കി യന്ത്രങ്ങൾ കൂടി ഉടൻ അയയ്ക്കുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.