തുറവൂർ: ലോക് ഡൗണിനെ തുടർന്ന് കുലത്തൊഴിൽ നഷ്ടമായ പുള്ളുവ കലാകാരൻമാർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് അഖില കേരള പുള്ളുവൻ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾ, മറ്റ് ഇതര ക്ഷേത്രങ്ങളിലും കുടുംബക്കാവുകളിലും വർഷംതോറും നടത്തിവരാറുള്ള സർപ്പോത്സവങ്ങൾ, നാഗക്കളങ്ങൾ, നൂറുംപാൽ, നാഗസന്നിധിയിൽ നിത്യേനയുള്ള വീണ വായന, സർപ്പം പാട്ട് തുടങ്ങിയ അനുഷ്ഠാനങ്ങളെല്ലാം ലോക്ക് ഡൗണിനെ തുടർന്ന് നിലച്ചു. ഇതുമൂലം കേരളത്തിലെ ആയിരക്കണക്കിന് വരുന്ന പുള്ളുവൻമാരുടെ ജീവിതം വളരെയധികം ദുരിതത്തിലാണ്. പ്രായമേറിയവരും സ്ത്രീകളടക്കമുള്ള പുള്ളുവ കലാകാരന്മാർ നിത്യചെലവിനുപോലും വിഷമിക്കുന്ന അവസ്ഥയിലാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി വി.മുരളീധരനും നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡന്റ് എൻ.പി.ശ്രീധരൻ, ജനറൽ സെക്രട്ടറി എരമല്ലൂർ ഷൺമുഖദാസ് എന്നിവർ അറിയിച്ചു.