തൊഴിലാളികളെ ഒഴിവാക്കേണ്ട സാഹചര്യമെന്ന് ഉടമകൾ
ആലപ്പുഴ: ലോക്ക് ഡൗൺ അവസാനിച്ചാലും പെട്ടന്നൊരു തിരിച്ചുവരവ് സാദ്ധ്യമല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഹൗസ് ബോട്ട് മേഖല. പ്രളയം വരുത്തിവെച്ച നഷ്ടങ്ങളിൽ നിന്ന് കരകയറുംമുന്നേയാണ് കൊവിഡ് വില്ലനായത്. യാത്രയ്ക്കായി ആലപ്പുഴയിൽ വന്നവരും അവധിനാളുകളിൽ വരാനിരുന്നവരുമെല്ലാം വീടിന്റെ പടിക്കുള്ളിൽ കുടുങ്ങിയതോടെ ആകെ കുടുങ്ങിക്കിടക്കുകയാണ് ഹൗസ്ബോട്ട് ടൂറിസം. ഇങ്ങനെ പോയാൽ തത്കാലത്തേക്കെങ്കിലും തൊഴിലാളികളെ ഒഴിവാക്കേണ്ടി വരുമെന്ന് ഉടമകൾ പറയുന്നു
ടൂറിസത്തിൽ ആലപ്പുഴയുടെ അഭിമാനവും ആകർഷണവുമായിരുന്നു ഹൗസ്ബോട്ട് മേഖല. രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായി ആയിരത്തോളം ഹൗസ് ബോട്ടുകളാണ് ജില്ലയിലുള്ളത്. വർഷങ്ങളായി തുടരുന്ന മാന്ദ്യം മൂലം ഭൂരിഭാഗം ബോട്ടുകൾക്കും വല്ലപ്പോഴുമാണ് ഓട്ടം കിട്ടുന്നത്. നിലവിലെ സ്തംഭനാവസ്ഥയിൽ നിന്ന് കരകയറാനുള്ള കാലതാമസം ബോട്ട് ജീവനക്കാർക്കു പുറമേ ബോട്ടിലെ കിടക്കവിരികൾ കഴുകാൻ കോൺട്രാക്ട് എടുത്ത അലക്ക് തൊഴിലാളികൾ, പനമ്പ് പണിക്കാർ, മത്സ്യ - പച്ചക്കറി കച്ചവടക്കാർ എന്നിങ്ങനെ അനുബന്ധ തൊഴിൽ ചെയ്യുന്നവരെയും ബാധിക്കും. മറ്റ് മേഖലകളിലുള്ളവർക്ക് ലോക്ക് ഡൗണിന് ശേഷം തൊഴിൽ പുനരാരംഭിക്കാം. എന്നാൽ സഞ്ചാരികൾ എത്താൻ മടിച്ചാൽ എന്തു ചെയ്യുമെന്ന അങ്കലാപ്പിലാണ് ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും. പ്രതിസന്ധികൾക്കിടയിലും ആവശ്യം വന്നാൽ ഹൗസ് ബോട്ടുകൾ ഐസൊലേഷൻ റൂം സജ്ജമാക്കാൻ വിട്ടു നൽകാമെന്ന് ഹൗസ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് സമിതി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
.............................
തകർച്ചയുടെ നാൾവഴി
2017 - നിപ്പ
2018-19 - പ്രളയം
2020 - കൊവിഡ് 19
.................................
# സംരംഭകർ പറയുന്നു
മുന്നോട്ടുനീങ്ങാൻ കഴിയാത്ത സാഹചര്യം
കൊവിഡ് കഴിഞ്ഞാലും സഞ്ചാരികളെത്താൻ നവംബർ - ഡിസംബർ ആകും
30 ശതമാനം വിദേശികളായിരുന്നു, ബാക്കി ആഭ്യന്തര ടൂറിസ്റ്റുകളും
കഴിഞ്ഞ നാലു വർഷത്തിനിടെ ഈ അനുപാതം തകർന്നു
ചെറുകിട സംരംഭകർക്ക് പിടിച്ചു നിൽക്കാനാവാത്ത അവസ്ഥ
....................................
ഓട്ടം കിട്ടാതെ വന്നാൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരും. മഴയ്ക്ക് മുമ്പായി ബോട്ടുകളുടെ അറ്റകുറ്റപ്പണി ചെയ്യേണ്ട സമയമാണിപ്പോൾ. അത് മുടങ്ങി. ബാങ്ക് ലോണുകളും കുടിശികയായി. പ്രളയ സമയത്ത് ദിവസങ്ങളോളം ജനങ്ങൾക്കു വേണ്ടി മുൻപന്തിയിൽ നിന്നിട്ടും സർക്കാർ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. ടാക്സ്, ഇൻഷ്വറൻസ് അടക്കമുള്ളവയിൽ ഇളവ് കിട്ടിയാൽ ഇപ്പോൾ വലിയ ആശ്വാസമാകും
(സി.ജെ.ജോസഫ്, പ്രസിഡന്റ്, ആൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് സമിതി)
..........................................
ജീവിക്കാൻ മറ്റ് തൊഴിൽ തേടേണ്ട സ്ഥിതിയാണ്. ശമ്പളയിനത്തിൽ മാസം 12,000 രൂപയും ഓട്ടമുള്ള ദിവസങ്ങളിൽ 290 രൂപ ബാറ്റയും ലഭിച്ചിരുന്നു. ഇത് കണ്ടാണ് ബാങ്കിൽ നിന്ന് ലോൺ എടുത്തത്. ഹൗസ് ബോട്ട് മേഖല ഉടൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ല. സർക്കാരിന്റെ സാമ്പത്തിക സഹായം തേടി കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്
(ഷൈജു പോൾ, ഹൗസ് ബോട്ട് തൊഴിലാളി)