ആലപ്പുഴ: കയർ, മത്സ്യ,കള്ള് ചെത്ത്, മേഖലകളിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. കൊവിഡ് 19 പടരുന്നതിന് മുൻപ് തന്നെ പ്രധാന പരമ്പരാഗത വ്യവസായങ്ങളായ മത്സ്യ, കയർ മേഖലകൾ പ്രതിസന്ധിയിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യസമ്പത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ലഭിക്കുന്ന മത്സ്യത്തിന് ഇടത്തട്ടുകാരുടെ ചൂഷണം മൂലം വിലയും ലഭിച്ചിരുന്നില്ല. കൊവിഡ് എത്തിയതോടെ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. പ്രതിവർഷം 47,000 കോടിയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യമേഖലയ്ക്ക് കേന്ദ്രപാക്കേജിലും സ്ഥാനം ലഭിച്ചില്ല. കയറ്റുമതിക്കാർ വിഹിതം അടക്കാത്തത് മൂലം കയർ,മത്സ്യ ക്ഷേമനിധികൾ സാമ്പത്തിക പരാധീനതയിലാണ്.
അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ ചെറുകിട കയർ ഫാക്ടറികൾ നേരത്തെ മുതൽ പൂട്ടികിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.