ആലപ്പുഴ: നഗരത്തിലെ പാതയോരങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ രാസവസ്തുക്കൾ ചേർത്ത 350 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.
കേര ഇനത്തിൽപ്പെട്ട മത്സ്യമാണ് പിടിച്ചെടുത്തതിൽ ഏറെയും. പലതും ചീഞ്ഞതും പുഴുവരിക്കുന്ന നിലയിലുമായിരുന്നു. പഴകിയ മത്സ്യം വിൽപ്പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലോക്ക് ഡൗൺ മൂലം ആഴക്കടൽ മത്സ്യബന്ധനം തടസപ്പെട്ടിട്ടും വലിയ മത്സ്യങ്ങൾ വിൽപ്പനയ്ക്കെത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. മത്സ്യം കൊണ്ടുപോകുന്നത് അവശ്യ സർവീസിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെ കേരളത്തിലും മത്സ്യം കൊണ്ടുപോകുന്നത് അനുവദിച്ചിരുന്നു. ഇതാണ് പഴകിയ മത്സ്യം കമ്പോളങ്ങളിൽ ലഭ്യമാകാൻ കാരണമെന്നാണ് നിഗമനം. മത്സ്യവില്പന സംബന്ധിച്ച് വ്യാപാരികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇവ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. ഹബീബ്, എസ്. ഹർഷിദ്, എസ്.അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ജയകുമാർ, ശിവകുമാർ, അനീസ്, രഘു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മത്സ്യം കുഴിച്ചുമൂടി.