ആലപ്പുഴ:കൊവിഡ് 19ന്റെ വ്യാപനം തടയാനും നിയന്ത്റിക്കാനുമായി നടത്തുന്ന ദൈനംദിന പ്രവർത്തനങ്ങൾ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ക്രോഡീകരിച്ചു നിയമസഭ സാമാജികരെ അറിയിക്കാൻ മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ച് കളക്ടർ ഉത്തരവായി.

നിയമസഭാ സാമാജികരുടെ നിർദേശങ്ങൾ അതത് സമയം തന്നെ ജില്ലാ ഭരണകൂടത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും അറിയിച്ചു ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ ഇത് സഹായകരമാകും. കമ്മ്യൂണി​റ്റി കിച്ചൺ, കോവിഡ് കെയർ സെന്ററുകൾ, അന്യസംസ്ഥാന തൊഴിലാളികളും അനുബന്ധ വിഷയങ്ങളും, അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികളുടെയും ട്രാൻസ്ജൻഡേഴ്‌സിന്റെയും ക്ഷേമവും അനുബന്ധ വിഷയങ്ങളും എന്നിവയിലെ പ്രവർത്തന റിപ്പോർട്ട് അതത് ചാർജ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഈ നോഡൽ ഓഫീസർമാർ എം.എൽ.എമാരെ അറിയിക്കണം.

നിലവിൽ സൗജന്യമായി ഭക്ഷണവും മ​റ്റും നൽകുന്ന സന്നദ്ധ സംഘടനകൾ പഞ്ചായത്ത് മുഖേന നടത്തുന്ന കമ്മ്യൂണി​റ്റി കിച്ചണുകൾ വഴി സേവനങ്ങൾ നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. അതിനാൽ സന്നദ്ധ സംഘടനകളുടെ വാഗ്ദാനങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാനുള്ള നടപടികൾ നോഡൽ ഓഫീസർമാർ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിർവ്വഹിക്കണം. അഗതികൾ, തെരുവിൽ അലയുന്നവർ, നിർധനർ, കോവിഡ് കെയർ സെന്ററിലെ അന്തേവാസികൾ എന്നിവർക്ക് കമ്മ്യൂണി​റ്റി കിച്ചനിൽ നിന്നു ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

 റേഷൻ തടസങ്ങൾ അറിയിക്കണം

അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനുള്ള സർക്കാർ പദ്ധതികൾ എല്ലാ തൊഴിലാളികൾക്കും ലഭ്യമാകുന്നുവെന്ന് നിയോജകമണ്ഡലടിസ്ഥാനത്തിൽ ഉറപ്പ് വരുത്തേണ്ടതും വിവരം ജനപ്രതിനിധിയെ അറിയിക്കേണ്ടതുമാണ്. നിയോജകമണ്ഡലത്തിലെ റേഷൻ വിതരണത്തിൽ തടസങ്ങളുണ്ടായാൽ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരുടെ ശ്രദ്ധയിൽ കൊണ്ടു വരണം. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാടില്ലെന്നും കളക്ടർ എം. അഞ്ജന അറിയിച്ചു