ഇലയിട്ട് ബിരിയാണി വിളമ്പിക്കൊടുന്നന്നത് തകഴി സ്വദേശി സുരേഷ്
അമ്പലപ്പുഴ: വല്ലവരും കഴിച്ച് ബാക്കി വന്ന ബിരിയാണിയുടെ രുചിമാത്രം ശീലിച്ചിട്ടുള്ള തകഴിയിലെ തെരുവുനായ്ക്കൾ തങ്ങൾക്കു വേണ്ടി സുരേഷ് ഉണ്ടാക്കുന്ന ബിരിയാണി, അതും ഇലയിട്ട് വിളമ്പിക്കിട്ടുന്നത് കഴിച്ച് അന്തംവിട്ട് തെക്കുവടക്ക് നടക്കുന്നു! അവസരം കിട്ടിയിൽ പുറംവഴി അടിച്ചോടിക്കുന്നവർ ഇങ്ങനെ സ്നേഹം കാട്ടുമ്പോൾ 'ഈ മനുഷ്യർക്കിതെന്താ വട്ടായോ' എന്ന് അവർ ചിന്തിച്ചാലും തെറ്റു പറയാനാവില്ല.
കാറ്ററിംഗ് സർവ്വീസ് നടത്തുന്ന തകഴി കുന്നുമ്മ ആറ്റുകടവിൽ വീട്ടിൽ സുരേഷാണ് തകഴിയിലെ തെരുവുനായ്ക്കളുടെ ഹീറോ. ലോക്ക് ഡൗൺ കാരണം ഓർഡറുകളെല്ലാം മുടങ്ങിയതോടെ വീട്ടിൽ ഈച്ചയടിച്ച് ഇരിക്കവേയാണ്, അമ്പലപ്പറമ്പിലെ വാനരൻമാരുടെയും തെരുവിലെ നായ്ക്കളുടെയുമൊക്കെ വിശപ്പുകൂടി നമ്മൾ ഓർക്കണമെന്ന മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ സുരേഷിന്റെ മനസിലെത്തിയത്. പിന്നെ താമസിച്ചില്ല. തൊട്ടടുത്ത പുലർച്ചെ കോഴിവേസ്റ്റു വാങ്ങി വൃത്തിയാക്കി നായ്ക്കൾക്കു വേണ്ടി ബിരിയാണി ഉണ്ടാക്കി.11 ഓടെ തന്റെ സ്കൂട്ടറിൽ 'തെരുവുനായ്ക്കൾക്കുള്ള ഭക്ഷണ'മെന്ന ബോർഡുവച്ച് തകഴി ജംഗ്ഷനിൽ എത്തി. വീട്ടിൽ നിന്നു കൊണ്ടുവന്ന വാഴയിലയിൽ കുറച്ചു ബിരിയാണി വിളമ്പിയപ്പോൾത്തന്നെ അഞ്ചോളം നായ്ക്കളെത്തി പരസ്പരം കടിപിടികൂടി ഇലയിൽ നിന്നു ബിരിയാണി കഴിച്ചു. പിറ്റേന്നു മുതൽ ഓരോ നായയ്ക്കും പ്രത്യേകം ഇല കൊണ്ടുവന്ന് വിളമ്പി. തകഴി പഞ്ചായത്തിലെ 11 സ്ഥലങ്ങളിലുള്ള നായ്ക്കൾക്ക് ബിരിയാണി കൊടുത്തു.
ഇപ്പോൾ സുരേഷ് വരുന്നതും കാത്ത് നായകൾ ഇരിപ്പാണ്. സ്കൂട്ടറിന്റെ ഹോൺ കേൾക്കുമ്പോഴേക്കും ഓരോ സ്ഥലത്തും നായകൾ ഹാജരുണ്ടാകും. സഹായത്തിനായി കൊച്ചുമകൻ അഞ്ചാം ക്ലാസുകാരനായ അശ്വിനും ഒപ്പമുണ്ട്. എല്ലായിടത്തും ഭക്ഷണം എത്തിച്ചശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലേക്കു മടങ്ങും. എല്ലായിടത്തും കൂടി നൂറോളം നായ്ക്കളുണ്ട്. മൂന്നു കിലോ അരിയിൽ തുടങ്ങിയത് ഇപ്പോൾ 6 കിലോയിലെത്തി. 4 കിലോ കോഴി വേസ്റ്റും വേണം. ആദ്യമാദ്യം സ്വന്തം പണം മുടക്കിയാണ് ബിരിയാണി ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ നാട്ടുകാരുടെ സഹായവും ലഭിക്കുന്നുണ്ടെന്ന് സുരേഷ് പറയുന്നു. ഭാര്യ കനകമ്മയും ബിരിയാണി ഉണ്ടാക്കാൻ ഒപ്പമുണ്ട്. രണ്ടു പെൺമക്കളാണ് സുരേഷിന്, സൂര്യയും സുപ്രിയയും.