ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശാനുസരണം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി അമ്പലപ്പുഴ യൂണിയൻ നടപ്പാക്കിയ കർമ്മപദ്ധതികൾ മാതൃകയായി.

പുന്തല മുതൽ മാരാരിക്കുളം വരെയുള്ള 60 ശാഖകളിൽ ആദ്യഘട്ടത്തിൽത്തന്നെ സാനിട്ടൈസർ എത്തിച്ചു. പൊലീസ് സേനയ്ക്ക് ആവശ്യമായ മാസ്ക്, സാനിട്ടൈസർ, കൈയുറകൾ എന്നിവ കൈമാറി. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഒരുക്കാനുള്ള സാധനങ്ങൾ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വിതരണം ചെയ്തു. വിവിധ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിവിതരണവും നടത്തി.

ഹൃദ്രോഗം, കാൻസർ, വൃക്കസംബന്ധമായ രോഗം, രക്തസമ്മർദ്ദം, പ്രമേഹം, കോളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന രോഗികൾ, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള രോഗികൾ എന്നിവർക്കായി പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകി.

യൂണിയൻ അതിർത്തിയിൽ സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള എല്ലാവിഭാഗത്തിലും പെട്ട നിത്യരോഗികളെ കണ്ടെത്തി ഡോക്ടർമാരുടെ കുറിപ്പടി അനുസരിച്ച് ശാഖാ പ്രവർത്തകർ മരുന്ന് വാങ്ങി വീടുകളിൽ എത്തിക്കുന്നുണ്ട്. ജനറൽ സെക്രട്ടറിയുടെ നിർദേശാനുസരണം 14ന് വിഷു ആഘോഷങ്ങൾ ഒഴിവാക്കി രാവിലെ 7 മുതൽ 8 വരെ നിലവിളക്ക് കൊളുത്തി കുടുംബാംഗങ്ങൾ ഒന്നിച്ച് വീടുകളിൽ ഗുരുദേവ പ്രാർത്ഥനകൾ നടത്തും. സർക്കാരും ആരോഗ്യ വകുപ്പും നടത്തുന്ന നിർദേശങ്ങൾ പാലിച്ചു കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് യൂണിയനിൽ നടത്തുന്നതെന്ന് സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.