arjunan-master-1

 അർജുനൻ മാഷിന്റെ ഓർമ്മകളിൽ മുഹമ്മ യംഗ്സ്റ്റേഴ്സ് ക്ളബ്ബ്

ആലപ്പുഴ: സംഗീത കുലപതി എം.കെ.അർജുനൻ മാഷിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾ നിറഞ്ഞു നിൽക്കുകയാണ് മുഹമ്മ വൈ.സി.എ.സി എന്ന പഴയ നാടകശാലയുടെ അണിയറക്കാരിൽ. സംഗീത ലോകത്ത് നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോഴും മാഷ് തങ്ങളോട് കാണിച്ച സ്നേഹത്തിന്റെയും കരുതലിന്റെയും നിമിഷങ്ങളാണ് ഇവരുടെ മനസു നിറയെ.

പതിറ്റാണ്ടുകഉക്കു മുമ്പാണ് മുഹമ്മയിലെ വ്യവസായികളും ഉദ്യോഗസ്ഥരും ചേർന്ന് യംഗ്സ്റ്റേഴ്സ് കൾച്ചറൽ ആർട്സ് ക്ലബ് രൂപീകരിക്കുന്നത്. നാടകം ഉൾപ്പെടെ നിരവധി സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകവേയാണ് ക്ലബിനെക്കുറിച്ച് കേട്ടറിഞ്ഞ് അർജുനൻമാസ്റ്റർ അവിടെയെത്തുന്നത്. സംഗീതപ്രേമികൾ ഒത്തുകൂടുന്ന ആ സദസിൽ പ്രാസംഗികനായും കേൾവിക്കാരനായും അദ്ദേഹമിരുന്ന നിമിഷങ്ങൾ ഓർക്കുകയാണ് ക്ലബിന്റെ ആദ്യകാല പ്രസിഡന്റ് സി.കെ. മണി ചീരപ്പൻചിറ. 'വലിയ സംഗീത സംവിധായകനായി മാറിയിട്ടും എല്ലാവരോടും താഴ്മയായി പെരുമാറുന്ന ശൈലിയായിരുന്നു മാസ്റ്ററുടേത്. ഏറെ സ്നേഹവും കരുതലും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിടപറയുമ്പോൾ ഒന്നു കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ട്'- സി.കെ.മണി പറയുന്നു.

ക്ലബിൽ സ്ഥിരമായി എത്തിത്തുടങ്ങിയ മാസ്റ്റർ വൈകാതെ തന്നെ രക്ഷാധികാരിയായി മാറി. വർഷങ്ങൾക്കിപ്പുറം ക്ലബിന്റെ പ്രവർത്തനങ്ങൾ സജീവമല്ലെങ്കിലും അന്നും ഇന്നും രക്ഷാധികാരി അർജുനൻ മാസ്റ്റർ തന്നെ. തനിക്കു മുമ്പ് മുഹമ്മയിലെ ക്ലബിൽ സ്ഥിരം അതിഥികളായിരുന്ന തകഴിയുടെയും വയലാറിന്റെയും പി.ജെ. ആന്റണിയുടെയുമൊക്കെ അനുഭവങ്ങളുടെ കേട്ടറിവിലാണ് അദ്ദേഹം അവിടെ എത്തിയതും എല്ലാമെല്ലാമായി മാറിയതും. ക്ലബിലിരുന്ന് നിരവധി സിനിമാ, നാടക ഗാനങ്ങളാണ് മാഷ് കമ്പോസ് ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ ഓർക്കുന്നു.

ക്ലബിൽ എത്തിയാൽ മുഹമ്മ സ്പെഷ്യൽ വിഭവങ്ങളും ആസ്വദിച്ച് തങ്ങൾക്കൊപ്പം സാധാരണക്കാരിൽ ഒരാളായി മാഷ് മാറുമായിരുന്നു. പ്രിയ ശിഷ്യൻ കുമരകം രാജപ്പന്റെ പ്രേമ വിവാഹം നടത്തിക്കൊടുക്കാൻ മാസ്റ്റർക്കൊപ്പം ഇറങ്ങിത്തിരിച്ചവിൽ ക്ളബ്ബ് അംഗങ്ങളുമുണ്ടായിരുന്നു. വാതസംബന്ധമായ അസുഖങ്ങൾ അലട്ടിയതോടെ മുഹമ്മയിലേക്കുള്ള വരവ് കുറഞ്ഞെങ്കിലും അടുപ്പക്കാരെ സ്ഥിരമായി ഫോൺ ചെയ്യുമായിരുന്നു. ആറ് മാസം മുമ്പാണ് അദ്ദേഹം അവസാനമായി മുഹമ്മയിലെത്തിയത്.