ചേർത്തല: അർത്തുങ്കൽ ഹാർബറിൽ നിയന്ത്രണങ്ങളോടെ നടത്തിയ മത്സ്യലേലം ആളുകൂടിയതോടെ പാളി. തുടർന്ന് ലേലം ഒഴിവാക്കി മത്സ്യം തൂക്കി നൽകാൻ പൊലീസ് നിർദ്ദേശിച്ചു.
ഇന്നലെ ഒരേസമയം 200ഓളം പേരാണ് ലേലത്തിനായി കൂട്ടംകൂടിയത്. പൊലീസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാൻ അവർക്ക് സാധിച്ചില്ല. മത്സ്യലേലം നടക്കുന്ന സ്ഥലത്ത് കൂടിയതിനേക്കാളേറെ ആളുകൾ പുറത്ത് വാഹനങ്ങളിലും മറ്റുമായും എത്തിയിരുന്നു. അകലം പാലിക്കാതെ മത്സ്യലേലം നടത്തിയതിനെതിരെ പ്രദേശവാസികൾ പ്രതിഷേധമുയർത്തി. നിയന്ത്റണങ്ങളില്ലാതെ ഇത്തരത്തിൽ ആളുകൾ കൂടുന്നത് തടയാൻ സംവിധാനമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ബുധനാഴ്ച മുതലാണ് നിയന്ത്റണങ്ങൾ ഒഴിവാക്കി വള്ളങ്ങൾ കടലിലിറങ്ങി തുടങ്ങിയത്. പരാതികൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണവും നിയന്ത്രണവുമേർപ്പെടുത്തമെന്ന് അർത്തുങ്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അൽജബാർ പറഞ്ഞു.