ആലപ്പുഴ: ഗവൺമെന്റ്, എയ്ഡഡ് കോളേജ് അദ്ധ്യാപനത്തിലെ പി.ജി വെയ്‌റ്റേജ് എടുത്ത് കളയാനുള്ള തീരുമാനം യുവജനങ്ങളോടുള്ള വഞ്ചനയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. പി പ്രവീൺ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂവായിരത്തോളം നിയമനങ്ങൾ ഇതോടെ ഇല്ലാതാകും. സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏകാദ്ധ്യാപക വിഷയങ്ങളിലെ സ്ഥിര നിയമനത്തിനുള്ള ഇളവുകൾ എടുത്ത് കളയുക വഴി സപ്ലിമെന്ററി കോഴ്‌സുകളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കും. വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയ്ക്ക് കാരണമാകുന്ന ഇത്തരം നടപടികൾ സർക്കാർ ഉപേക്ഷിക്കണം. അദ്ധ്യാപകരുടെ ജോലി ഭാരത്തേക്കാൾ ഒമ്പത് മണിക്കൂർ ഒരു വിഷയത്തിൽ അധികമായാൽ ഒരു തസ്തിക കൂടി സൃഷ്ടിക്കാമെന്ന സാഹചര്യവും ഒഴിവാക്കിയിട്ടുണ്ട്. തീരുമാനങ്ങൾ അദ്ധ്യാപകരുടെ പ്രവർത്തി ഭാരം വർദ്ധിപ്പിക്കാനും അത് മൂലം ഗവേഷണ പ്രവർത്തനങ്ങൾ അവതാളത്തിലാകാനും സാദ്ധ്യതയുണ്ട്. ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും കരസ്ഥമാക്കി അദ്ധ്യാപക നിയമനത്തിനായി കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ് പുതിയ സർക്കുലർ. തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് യൂത്ത് കോൺഗ്രസ് കടക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.