ആലപ്പുഴ:കമ്മ്യൂണി​റ്റി കിച്ചൺ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കും മ​റ്റ് അവശ്യസേവനങ്ങൾക്കും പാസ് അനുവദിക്കാനായി covid19jagratha.kerala.nic.in എന്ന ഒരു ഏകീകൃത പ്ലാ​റ്റ് ഫോം ഉപയോഗപ്പെടുത്തണമെന്ന് കളക്ടർ എം. അഞ്ജന അറിയിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സന്നദ്ധം പോർട്ടലിൽ രജിസ്​റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുണ്ടെങ്കിൽ അവർ അടിയന്തരമായി പോർട്ടലിൽ (www.sannadhasena.kerala.gov.in) രജിസ്​റ്റർ ചെയ്യണം. ഈ വിവരങ്ങൾ പരിശോധിച്ച് സന്നദ്ധസേവകർക്കുള്ള പാസ് ജില്ലാ കളക്ടറേ​റ്റിൽ നിന്നും അനുവദിക്കും.

 വാഹനപാസും ജീവനക്കാർക്കുള്ള പാസും

വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് പാസുകൾക്കായി അപേക്ഷ സമർപ്പിക്കേണ്ട ഉത്തരവാദിത്വം കട ഉടമകൾക്കാണ്. അത് പരിശോധിച്ച് അംഗീകരിക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കും. covid19jagratha.kerala.nic.in എന്ന ഏകീകൃത സംവിധാനത്തിലൂടെ പാസുകൾ അനുവദിക്കുമ്പോൾ അപേക്ഷിക്കുന്ന വ്യക്തിയുടെ/സ്ഥാപനത്തിന്റെ ഡി ആൻഡ് ഒ ലൈസൻസ് പരിശോധിച്ച് അവ ഇപ്പോൾ അനുവദിച്ചിട്ടുള്ള അവശ്യ സർവീസിൽ ഉൾപ്പെട്ടതാണോയെന്ന് ഉറപ്പാക്കേണ്ട പൂർണ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണെന്നും കളക്ടർ അറിയിച്ചു.

വാഹനങ്ങളുടെ പാസുകൾക്കായി ആരെങ്കിലും സമീപിക്കുന്നുണ്ടെങ്കിൽ അവരോടും covid19jagratha.kerala.nic.in covid19jagratha.kerala.nic.in എന്ന ഏകീകൃത പ്ലാ​റ്റ് ഫോം സംവിധാനത്തിൽ രജിസ്​റ്റർ ചെയ്യാൻ ആവശ്യപ്പെടണമെന്ന് കളക്ടർ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ അറിയിച്ചു. ജില്ലയ്ക്ക് അകത്ത് സഞ്ചരിക്കാനുള്ള വാഹന പാസുകൾ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ നൽകും. ജില്ലയ്ക്ക് പുറത്തോ സംസ്ഥാനത്തിനു പുറത്തോ പോകേണ്ട വാഹനങ്ങൾക്കുള്ള പാസുകൾ വിവിധ തലത്തിൽ പരിശോധിച്ചശേഷമാണ് നൽകുക. covid19jagratha.kerala.nic.in എന്ന ഏകീകൃത സംവിധാനത്തിൽ സമർപ്പിച്ച അപേക്ഷ ഡി.എം.ഒ, ആർ.ടി.ഒ തുടങ്ങിയവർ പരിശോധിച്ച് അനുവാദം നൽകിയ ശേഷം കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ മുഖേന പാസുകൾ നൽകും.

 കമ്മ്യൂണി​റ്റി കിച്ചൺ

കമ്മ്യൂണി​റ്റി കിച്ചണുകളുടെ പ്രവർത്തനത്തിനാവശ്യമായ തുക സ്‌പോൺസർഷിപ് വഴിയോ സംഭാവന മുഖേനയോ സ്വീകരിക്കാം. സന്നദ്ധ സംഘടനകൾക്ക് ഭക്ഷണ വിതരണം നടത്തണമെങ്കിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ കമ്മ്യൂണി​റ്റി കിച്ചൺ സ്‌പോൺസർ ചെയ്യുന്നതിലൂടെ പ്രാവർത്തികമാക്കാം.