കെ.എസ്.ഇ.ബി ഓഫീസിൽ ഫോൺ എടുക്കാറില്ലെന്ന് പരാതി
ആലപ്പുഴ: നാടാകെ കൊവിഡ് 19 പ്രതിരോധവുമായി മുന്നേറുമ്പോൾ മറുവശത്ത് പല സ്ഥലങ്ങളിലും കുടിവെള്ളം പോലും കിട്ടാനില്ല. നഗരസഭയിലെ തീരദേശ വാർഡുകളിലും ഇരവുകാട്, കുതിരപ്പന്തി വാർഡുകളിലുമാണ് കുടിവെള്ളപ്രശ്നം രൂക്ഷമായിരിക്കുന്നത്. പകൽ സമയത്ത് ഏറിയാൽ രണ്ടോ മൂന്നോ മണിക്കൂർ നൂലു പോലെ ലഭിക്കുന്ന വെള്ളം കൊണ്ട് വേണം കുടുംബങ്ങൾ ദിവസം തള്ളിനീക്കാൻ. വേനൽ മഴ ശക്തി പ്രാപിച്ചതോടെ കാറ്റടിച്ചാൽ വൈദ്യുതി ബന്ധം നിലയ്ക്കുന്ന അവസ്ഥയാണ്. ആദ്യ ദിനത്തിലെ വേനൽ മഴയിൽ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് വൈദ്യുതി ബന്ധം നിലച്ചിരുന്നു.
മഴയും കാറ്റും മൂലം വൈദ്യുതി കമ്പി പൊട്ടി വീണാലും പോസ്റ്റ് തന്നെ മറിഞ്ഞാലും തങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന ഭാവമാണ് കെ.എസ്.ഇ.ബി അധികൃതർക്കെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയിലെ മഴയിൽ നഗരത്തിൽ കമ്പി പൊട്ടി റോഡിൽ കിടക്കുന്ന വിവരം വിളിച്ചു പറയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. ബെൽ അടിക്കുന്നതല്ലാതെ ഫോൺ എടുക്കാൻ ജീവനക്കാരില്ല! ഒടുവിൽ പൊലീസിന്റെ സഹായത്തോടെ അധികൃതരെ ബന്ധപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിച്ചാൽ അപകടങ്ങളും വർദ്ധിക്കും. ഫോണെടുക്കാത്ത സമീപനം കെ.എസ്.ഇ.ബി അധികൃതർ ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാത്തിരിപ്പ് തുടരുന്നു
പല വാർഡുകളിലും കുടിവെള്ള പദ്ധതിക്കു വേണ്ടി പൈപ്പ് ഇടുന്ന ജോലികൾ പുരോഗമിക്കുന്ന വേളയിലാണ് പൊടുന്നനെ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ പണി പാതിവഴിയിലായി. മാർച്ച് 30ന് മുമ്പ് പൂർത്തീകരിക്കേണ്ട ജോലിയായിരുന്നു. ഇവ പൂർത്തിയായാൽ മാത്രമേ കുടിവെള്ള വിതരണം പൂർവസ്ഥിതിയിലെത്തു.
...................................
കൊവിഡ് 19നെതിരെ ജാഗ്രത പാലിക്കുന്ന സമയത്ത് കുടിവെള്ളം എത്തിക്കാനുള്ള ബാദ്ധ്യത വാട്ടർ അതോറിട്ടിക്കുണ്ട്. അടിയന്തരമായി പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം
(ബഷീർ കോയാപറമ്പിൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)