കായംകുളം: കാൻസറിന് അഞ്ചുവർഷമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ടല്ലൂർ പുതിയവിള സാധുപുരത്ത് ഹരിദാസിന്റെ ഭാര്യ സുധാമണിക്ക് (60) അത്യാവശ്യമായി കഴിക്കേണ്ടിയിരുന്ന മരുന്ന് എത്തിക്കാൻ തുണയായത് കനകക്കുന്ന് പൊലീസ്.

അമൃത ആശുപത്രിയിൽ മാത്രം ലഭിച്ചിരുന്ന മരുന്ന് വാങ്ങാൻ കഴിയാതെ വന്നപ്പോൾ നൃൂറോ രോഗിയും മുൻ സൈനികനുമായ ഹരിദാസൻ, കനകക്കുന്ന് എസ്.ഐ യു. അബ്ദുൽ ലത്തീഫിനെ സമീപിക്കുകയായിരുന്നു. ഉടൻ തന്നെ എസ്.ഐ അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട് മരുന്ന് ലഭൃമാണെന്ന് ഉറപ്പ് വരുത്തി. തുടർന്ന് അബ്ദുൾ ലത്തീഫ് സുഹൃത്തും എറണാകുളം എളമക്കര എസ്.ഐയുമായ അബ്ദുൽ ജബ്ബാറിനെ വിളിച്ച് വിവരം പറയുകയും അദ്ദേഹം സുധാമണിയെ ചികിത്സിച്ചിരുന്ന ഡോക്ടറെ നേരിൽ കണ്ട് മരുന്ന് എഴുതി വാങ്ങുകയും ചെയ്തു. എറണാകുളം സ്വദേശിയും കരീലക്കുളങ്ങര സ്റ്റേഷനിലെ എസ്.ഐയുമായ സാദിഖ് മുഖേന മരുന്ന് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് എസ്.ഐ അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ മരുന്ന് സുധാമണിയുടെ വീട്ടിലെത്തിച്ചു കൊടുത്തു.