മാവേലിക്കര: ലോക്ക് ഡൗൺ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സൈക്കിളിൽ കറങ്ങിയതിന്, ഇവരുടെ വാടക വീടിന്റെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
പോനകം സ്വദേശി രശ്മി സുനിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കുന്ന മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികൾ ഇന്നലെയാണ് സൈക്കിളിൽ കറങ്ങാനിറങ്ങിയത്. ഇവരെ തടയാതിരുന്നതിന്റെ പേരിലാണ് രശ്മി സുനിലിനെതിരെ കേസ് എടുത്തത്. കേരള ഹിഡൻ ഡിസീസ് ഓർഡിനൻസ് 2020 പ്രകാരമാണ് കേസ്.
പോനകത്ത് തന്നെ പത്തോളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ലേബർ ഓഫീസ് നേതൃത്വത്തിൽ നടത്തുന്ന ബോധവത്കരണ ക്ലാസിനായി താലൂക്ക് ലീഗൽ സർവ്വീസ് അതോറിട്ടി ഉദ്യാഗസ്ഥനും ലേബർ ഓഫീസറും എത്തിയപ്പോൾ ഇവരെ തടയാൻ ശ്രമിച്ച പോനകം സ്വദേശി രാജു ഗോപാലിനെതിരെ മാവേലിക്കര പൊലീസ് കേസ് എടുത്തു. ലേബർ ഓഫീസറുടെ പരാതിയിലാണ് കേസ്. വാഹന പരിശോധനയിൽ നാലു കേസുകളും മാവേലിക്കര പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.