ചാരുംമൂട് : ലോക്ക് ഡൗൺ കാലം പച്ചക്കറി കൃഷിക്കായി മാറ്റി വച്ച് വ്യത്യസ്തയാകുകയാണ് വള്ളികുന്നം എൻ.വി.എം എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നന്ദന. അയൽക്കാരനും വള്ളികുന്നം അമ്യത ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനും സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള അവാർഡ് ജേതാവുമായ നെടുപുറത്ത് വീട്ടിൽ രഘുനാഥാണ് ഈ കൊച്ചുമിടുക്കിയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നത്. നന്ദനയ്ക്ക് മാത്രമല്ല നാട്ടിലെയും താൻ പഠിപ്പിക്കുന്ന സ്കൂളിലേയും നിരവധി കുട്ടികൾക്കാണ് കൃഷിയിലേക്ക് വരാൻ രഘുനാഥ് പ്രചോദനം പകരുന്നത് . പച്ചക്കറി ക്യഷിയുടെ പ്രധാന്യവും അത് ലളിതമായും ശാസ്ത്രീയമായും ക്യഷിചെയ്യുന്ന രീതിയും രഘുനാഥ് എല്ലാവർക്കും പറഞ്ഞു നൽകും . അദ്ധ്യാപനം പോലെ തന്നെ രഘുനാഥിന് പ്രിയപ്പെട്ടതാണ് ക്യഷിയും. സ്കൂളിൽ നിന്ന് വന്നാൽ ഉടനെ അദ്ദേഹം തന്റെ കൃഷി സ്ഥലത്തേക്കിറങ്ങും കൂട്ടിനായി ഭാരൃ ലേഖടീച്ചറും മക്കളായ ആകാശും അഭിനവുമുണ്ടാകും.
രഘുനാഥിന്റെ പ്രേരണയാലാണ് നന്ദന കൃഷി ആരംഭിച്ചത്. മുത്തശ്ശൻ വിജയൻനായരാണ് കൃഷിയിൽ നന്ദനയുടെ പ്രധാന സഹായി. അമ്മൂമ്മയും അമ്മയും എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ട് . വള്ളികുന്നം പടയണിവെട്ടം പാണംവിളയിൽ രതീഷ് -ശരണ്യ ദമ്പതികളുടെ മകളാണ് നന്ദന.