photo

ചേർത്തല: ഹൈദരാബാദിലെ ആശുപത്രിയിലേക്കുള്ള നീണ്ട യാത്രയ്ക്കിടെ അൻവിത ഒരിക്കൽപ്പോലും ശുണ്ഠി കാട്ടിയില്ല. കളിയും ചിരിയുമായി അവൾ ആ ആംബുലൻസ് യാത്ര ആഘോഷമാക്കിയപ്പോൾ, അവളിൽ നിന്നു പകർന്നു കിട്ടിയ ആത്മവിശ്വാസത്തോടെ അച്ഛനും അമ്മയും ചാരെയുണ്ടായിരുന്നു.

കണ്ണിലെ കാൻസറിനുള്ള ചികിത്സയ്ക്കായി നാല് സംസ്ഥാനങ്ങൾ താണ്ടിയാണ് ഹൈദരാബാദിലെ എൽ.വി.പ്രസാദ് ആശുപത്രിയിൽ അൻവിതയെ എത്തിച്ചത്. 1240 കിലോമീ​റ്ററിലധികം സഞ്ചരിച്ച് ഞായറാഴ്ച രാത്രി 10.40 ഓടെ അൻവിതയും മാതാപിതാക്കളും ഹൈദരാബാദിലെത്തി. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഇടപെട്ടതിനാൽ ഒരു സംസ്ഥാന അതിർത്തിയിലും തടസങ്ങളില്ലാതെയാണ് സംഘമെത്തിയത്. ഇന്ന് രാവിലെ എൽ.വി.പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രാഥമിക പരിശോധനയ്ക്കു ശേഷം കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാ​റ്റും. അവിടെയും പ്രാഥമിക നടപടികൾക്കുശേഷം ഇന്നു കീമോയെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനു ശേഷം 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷം 9ന് ചേർത്തലയിലെത്താനാണ് തീരുമാനം. ആശുപത്രിക്കു സമീപമുള്ള വീട്ടിലാണ് താമസം ഒരുക്കിയിരിക്കുന്നത്.
ചേർത്തല മുനിസിപ്പൽ 21-ാം വാർഡിൽ മുണ്ടുവെളി വിനീത് വിജയന്റെയും ഗോപികയുടെയും മകളായ ഒന്നരവയസുകാരി അൻവിതയെ ലോക്ക്ഡൗൺ നിബന്ധനകൾ മറികടന്ന് ആശുപത്രിയിൽ എത്തിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവരാണ് ഇടപെട്ടത്. സി.പി.എം നിയന്ത്രണത്തിലുള്ള ചേർത്തല സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഹൈടെക് ആംബുലൻസിലാണ് ഇവർ ഹൈദരാബാദിലെത്തിയത്. ഡ്രൈവർമാരായ എം.മനോജും ജി.ആർ.രാജീസുമാണ് സാരഥികളായുള്ളത്. യാത്രയിൽ ഒരിടത്തും കുഴപ്പങ്ങളോ തടസങ്ങളോ ഉണ്ടായില്ലെന്ന് ഇരുവരും പറഞ്ഞു.