ചേർത്തല: കയർ ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന ചാപ്രയിൽ പെട്രോൾ ബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പള്ളിപ്പുറം പാണ്ടങ്ങനേഴത്ത് ഷാജിയുടെ വീടിന് സമീപത്തെ കയർ ഷെഡിലാണ് പ്ലാസ്​റ്റിക് കവറിൽ പെട്രോളും ചകിരിയും നിറച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് വീട്ടുകാർ പൊതിക്കെട്ട് കണ്ടത്. എന്നാൽ ഇത് കാര്യമാക്കിയില്ല. വൈകിട്ട് പരിശോധിച്ചപ്പോൾ പാതി തീകത്തി കെട്ട നിലയിൽ ചക്കത്തിരി കണ്ടതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചേർത്തല പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ആരെങ്കിലും വീട്ടുകാരെ ഭയപ്പെടുത്താൻ ചെയ്തതാണോയെന്നും മ​റ്റ് സാദ്ധ്യതകൾ വിശദമായി പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും എസ്.ഐ ലൈസാദ് പറഞ്ഞു.