 കെ.പി.എസിയുടെ 16 നാടകങ്ങൾക്ക് സംഗീതം പകർന്നത് എം.കെ. അർജുനൻ

കായംകുളം: സംഗീത ലോകത്തെ മഹാമേരുവായിരുന്ന ദേവരാജൻ മാസ്റ്ററുടെ കൈപിടിച്ച് 1970ൽ കെ.പി.എസിയിലേക്കു കടന്നുവന്ന എ.കെ. അർജുനൻ, കെ.പി.എ.സിയുടെ ഏറ്റവും ഒടുവിലത്തെ നാടകത്തിന് വരെ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടാണ് സംഗീതലോകത്തെ ദീപ്ത സ്മരണയായത്.

കെ.പി.എ.സിയുടെ 16 നാടകങ്ങൾക്കായി വയലാറിന്റെയും ഒ.എൻ.വിയുടേതും ഉൾപ്പെടെ അൻപതോളം ഗാനങ്ങൾക്ക് എം.കെ. അർജുനൻ ഈണം നൽകി. അരനൂറ്റാണ്ടുകാലത്തെ ബന്ധമാണ് കെ.പി.എ.സിയുമായുള്ളത്. 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ ദേവരാജൻ മാഷിനൊപ്പമായിരുന്നു സംഗീതം പകർന്നത്. പിന്നീട് 2000 മുതൽ വീണ്ടും സജീവമായി. 2019 നവംബറിൽ കെ.പി.എ.സി അവതരിപ്പിച്ച 'മരത്തൻ 1892' എന്ന നാടത്തിൽ രണ്ട് ഗാനങ്ങൾക്ക് സംഗീതം പകർന്നു. പൊട്ടൻ തെയ്യത്തിനുള്ള ഒരു കവിതയ്ക്കും ചങ്ങമ്പുഴയുടെ ഒരു കവിതയ്ക്കുമാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. കല്ലറ ഗോപനും ഒ.എൻ.വിയുടെ ചെറുമകൾ അപർണ്ണ രാജീവുമാണ് ഗായകർ. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിട്ടും കെ.പി.എ.സിയുടെ ആഗ്രഹം ഒരു നിയോഗം പോലെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

1958ൽ കൊച്ചിയിലെ അമച്വർ നാടകസമിതി അവതരിപ്പിച്ച ‘പള്ളിക്കുറ്റം’ എന്ന നാടകത്തിലായിരുന്നു തുടക്കം. കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഒരു ഹാർമോണിസ്റ്റിനെ തേടുകയായിരുന്ന ദേവരാജൻ മാസ്റ്ററിനു നടൻ മണവാളൻ ജോസഫാണ് അർജ്ജുനൻ മാസ്റ്ററെ പരിചയപ്പെടുത്തിയത്. നന്നായില്ലെങ്കിൽ പറഞ്ഞുവിടുമെന്ന ഭീഷണിയോടെയാണ് മാഷ് കൂടെക്കൂട്ടിയത്. ഡോക്ടർ എന്ന നാടകത്തിനാണ് ദേവരാജൻ മാഷിനൊപ്പം ആദ്യമായി ഹാർമോണിയം വായിച്ചത്. പിന്നീട് പത്തുവർഷം കാളിദാസ കലാകേന്ദ്രത്തിൽ. ഇതിനിടെയാണ് സംഗീത സംവിധായകന്റെ കുപ്പായമിട്ടത്.

കെ.പി.എ.സിക്കു പുറമേ കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥ, ദേശാഭിമാനി തിയേറ്റേഴ്സ്, വൈക്കം മാളവിക, ആലപ്പി തിയറ്റേഴ്‌സ്, തിരുവനന്തപുരം സൗപർണിക, സൂര്യസോമ, മാനിഷാദ, സാംസ്കാരിക തുടങ്ങി കേരളത്തിലെ പ്രമുഖ നാടകസമിതികൾക്കെല്ലാം അർജുനൻ മാഷ് സംഗീതം പകർന്നു. വയലാർ, ഒ.എൻ.വി, യൂസഫലി കേച്ചേരി, ഏഴാച്ചേരി രാമചന്ദ്രൻ, എ.പി.ഗോപാലൻ, ഷാഹുൽ ഹമീദ്, ഏറ്റുമാനൂർ സോമദാസൻ, നെൽസൺ ഫെർണാണ്ടസ്, പി.ജെ.ആന്റണി, സി.പി.ആന്റണി തുടങ്ങി മലയാള നാടകലോകത്തിനുവേണ്ടി പാട്ടെഴുതിയ ഒട്ടുമിക്കവരുടെയും വരികൾക്ക് അർജുനൻ മാഷ് ഈണമിട്ടിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലധികം നാടക ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു. സംഗീതനാടക അക്കാദമിയുടെ 16 അവാർഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. തോപ്പിൽ ഭാസിക്കും കാമ്പിശേരി കരുണാകരനും കേശവൻ പോറ്റിക്കും വയലാറിനും ദേവരാജനും ജനാർദ്ദനക്കുറുപ്പിനും ഒ.എൻ.വിക്കും പിന്നാലെ അർജ്ജുനൻ മാഷിന്റെ വിയോഗം കെ.പി.എ.സിക്ക് നികത്താനാവാത്ത ഒന്നാണ്.