 രണ്ട് ദിവസത്തിനുള്ളിൽ പിടിച്ചെടുത്തത് 2180 കിലോ മീൻ

ആലപ്പുഴ : വഴിച്ചേരി, ലജനത്ത്, പുലയൻവഴി മാർക്കറ്റുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 1760കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കുടുക്ക,ചൂര, കേര, മങ്കട, നെയ്മീൻ, കോര തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഗോവ ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ തളിച്ച് കൊണ്ടുവരുന്ന മത്സ്യം കണ്ടാൽ പച്ചപോലെ തോന്നിക്കും. കൊവിഡ് നിരോധനവും ലോക്ക്ഡൗണും വരും മുമ്പ് കൊണ്ടുവന്ന മത്സ്യങ്ങൾ ചില്ലറ വ്യാപാരികൾ ഫ്രീസറിൽ ശേഖരിച്ച് വില്പന നടത്തിവരികയായിരുന്നു. അഴുകിയ നിലയിലായിരുന്നു പിടിച്ചെടുത്ത മത്സ്യങ്ങൾ. പഴകിയ മത്സ്യം വിൽക്കുന്നതായി വ്യാപകമായി പരാതി ഉയർന്നതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എ.റസാക്കിന്റെ നിർദേശത്തെ തുടർന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

പിടിച്ചെടുത്ത മത്സ്യങ്ങൾ അവിടെ വച്ചുതന്നെ മുറിച്ച് ബ്ളീച്ചിംഗ് പൗഡർ വിതറി ഉപയോഗ ശൂന്യമാക്കി കുഴിച്ചു മൂടി. കഴിഞ്ഞ ദിവസം കളർകോട് ജംഗ്ഷൻ ബ്ളോക്ക് ജംഗ്ഷൻ, ചാത്തനാട്, കൈചൂണ്ടിമുക്ക്, ബാപ്പുവൈദ്യർ ജംഗ്ഷൻ, കളരിക്കൽ എന്നിവടങ്ങളിൽ നിന്ന് 420കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ജയകുമാർ, എസ്.ഹർഷിദ്, എം.ഹബീബ്, പി.അനിൽകുമാർ, ആർ.അനിൽകുമാർ, വി.ശിവകുമാർ, എ.അനീസ്, പി.വി.രഘു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. രണ്ട് ദിവസവും മത്സ്യവില്പനക്കാർക്കെതിരെ കേസ് എടുക്കാതെ താക്കീത് നൽകി വിട്ടയച്ചു. വീണ്ടും വില്പന നടത്തിൽ കേസ് എടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.