പ്രവർത്തിപ്പിക്കാത്ത മെഷീനുകൾ നശിക്കുമെന്ന് ആശങ്ക
ആലപ്പുഴ: ഉത്സവ സീസൺ പ്രമാണിച്ച് മികച്ച വരുമാനം ലഭിക്കേണ്ട മാസങ്ങൾ 'ലോക്കാ'യതോടെ അങ്കലാപ്പിലായിരിക്കുകയാണ് അച്ചടി ശാലകൾ. അശ്വതി, ഭരണി ഉത്സവങ്ങളുടെയും വിശുദ്ധവാരത്തിന്റെയുമടക്കം ആയിരക്കണക്കിന് നോട്ടീസുകളാണ് ഓരോ പ്രസിലും കെട്ടിക്കിടക്കുന്നത്. മിക്ക പ്രസുകളിലും അച്ചടി പൂർത്തിയായ വേളയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായത്. മൂവായിരം മുതൽ 40,000 രൂപയുടെ പ്രിന്റുകൾ വരെ ഓരോ കടകളിലും കെട്ടിക്കിടക്കുന്നു. സാമ്പത്തിക വർഷാവസാനത്തിന്റെ ഭാഗമായി അച്ചടിച്ച ജി.എസ്.ടി ബില്ലുകൾ, അന്തിമ പദ്ധതി രേഖകൾ, ബഡ്ജറ്റുകൾ തുടങ്ങിയവയും ആവശ്യക്കാരെ കാത്തിരിപ്പാണ്.
അച്ചടിശാലകൾ പൂട്ടിയതോടെ യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമതയും ഉടമകളെ ആശങ്കപ്പെടുത്തുകയാണ്. ലക്ഷങ്ങൾ വിലയുള്ള യന്ത്രങ്ങൾ തകരാറിലായാൽ തൊഴിൽ തന്നെ നിലയ്ക്കുന്ന അവസ്ഥയാണ്. സി.ടി.പി മെഷീനുകൾ നിരന്തരമായി ഉപയോഗിച്ചില്ലെങ്കിൽ വേഗം തകരാറിലാവും. മഷിയും നശിക്കും. അച്ചടി ഡിജിറ്റലായതോടെ പല പ്രസുകളിലും തൊഴിലാളികളെ വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്റർനെറ്റിന്റെ സഹായത്തോടെ കമ്പ്യൂട്ടറിൽ തന്നെ കളർ സെറ്റിംഗ് അടക്കം പൂർത്തിയായാണ് പ്രിന്റിംഗിന് വരുന്നത്. രണ്ട് തൊഴിലാളികളെ വരെ ഒഴിവാക്കാനായതോടെ ഭൂരിഭാഗം പ്രസുകളിലും 'വൺമാൻ ഷോ'ആയി.
വാടക ഒഴിവാക്കണം
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലെ കെട്ടിടങ്ങളിൽ വാടക ഒഴിവാക്കിയത് പോലെ രണ്ട് മാസത്തേക്ക് സഹകരിക്കാൻ സ്വകാര്യ വ്യക്തികളും മനസ് കാണിക്കണമെന്നാണ് പ്രിന്റേഴ്സ് അസോസിയേഷൻ്റെ ആവശ്യം.
...........................................
ജില്ലയിലെ പ്രസുകളുടെ എണ്ണം: 271
......................................
കടം വാങ്ങിയായാലും ഈ മാസത്തെ ശമ്പളം തൊഴിലാളികൾക്ക് കൊടുക്കും. ആഴ്ചയിലൊരിക്കലെങ്കിലും കട തുറക്കാൻ അനുവദിക്കണം. അല്ലെങ്കിൽ മെഷീനുകൾ നശിക്കും. അച്ചടി പൂർത്തിയാക്കിയവ ഉടമകൾ വാങ്ങാൻ തയ്യാറാവണം
(മോഹനൻ പിള്ള, ജില്ലാ പ്രസിഡന്റ്, പ്രിന്റേഴ്സ് അസോസിയേഷൻ)