s

ആലപ്പുഴ : "മനസ് സ്വസ്ഥമല്ല, ചിന്തകൾക്ക് ഏകാഗ്രതയുമില്ല. എങ്കിലും എഴുത്തു മുടക്കാനാവില്ല. കൊവിഡിന്റെ നാളുകളിലും വായനയിലും എഴുത്തിലും മുഴുകി മുന്നോട്ടു പോകുന്നു"- മാവേലിക്കരയിലെ 'കൽപ്പക'ത്തിലിരുന്ന് പ്രമുഖ നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ഭാര്യ മരിയയും മക്കളായ സേബ്യൻ, ഫ്യൂജിൻ, ലക്ഷ്മി എന്നിവരും ഒപ്പമുണ്ട്. ഫ്രാൻസിസ് വിവിധ സമിതികൾക്കായി ഓരോ വർഷവും പത്തിലേറെ നാടകം എഴുതാറുണ്ട്. അടുത്ത ഏതെങ്കിലുമൊരു നാടകത്തിന്റെ പ്രമേയം കൊവിഡ് ആകുമെന്നുറപ്പ്. ഈ ഉത്സവ സീസണിൽ ഫ്രാൻസിസ് രചിച്ച 11 നാടകങ്ങളാണ് വിവിധ സമിതികൾ അവതരിപ്പിക്കേണ്ടിയിരുന്നത്. കൊവി‌ഡ് എല്ലാം തകർത്തെങ്കിലും അടുത്ത സീസണിലേക്ക് കരാറായ നാടകങ്ങൾ എഴുതുന്ന തിരക്കിലാണ് ഫ്രാൻസിസ്. 10 ലക്ഷത്തിനു മുകളിൽ ചെലവഴിച്ച് ഇറക്കുന്ന നാടകങ്ങൾക്ക് 200 സ്റ്റേജെങ്കിലും കിട്ടിയില്ലെങ്കിൽ ഉടമയുടെ കൈ പൊള്ളും. പല സമിതികൾക്കും ഇത്തവണ 10 സ്റ്റേജ് പോലും ലഭിച്ചില്ല.

"എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും കൂട്ടിലൊളിച്ചിരിക്കുന്നു. എല്ലാത്തിന്റെയും പ്രസക്തി ഒരു വൈറസിന് മുന്നിൽ നഷ്ടമായി. നീ ഒന്നുമല്ല, ആരുമല്ല എന്ന പ്രകൃതിയുടെ മുന്നറിയിപ്പാണിത്. ശാസ്ത്രത്തെയും മരുന്നിനെയും അവിശ്വസിക്കുന്ന ചിലരാണ് കൊവിഡ് ബാധയുടെ വ്യാപ്തി ഒരുപരിധിവരെ കൂട്ടിയത്. എങ്കിലും ഈ പ്രതിസന്ധിയോട് യുദ്ധം ചെയ്ത് മനുഷ്യൻ ജയിക്കും"- ഫ്രാൻസിസ് പറഞ്ഞു.

ചന്ദ്രികയ്ക്കുമുണ്ടൊരു കഥ പറയാൻ

തന്റെ 351-ാമത്തെ നാടകത്തിന്റെ അവസാന മിനുക്കുപണിയിലാണ് ഫ്രാൻസിസ് ടി.മാവേലിക്കര. പേര് 'ചന്ദ്രികയ്ക്കുമുണ്ടൊരു കഥ പറയാൻ'. 'ഇടപ്പള്ളിയുടെ ആത്മഹത്യയ്ക്കു ശേഷം ചങ്ങമ്പുഴ എഴുതിയ പ്രണയകാവ്യമായ 'രമണനി'ലെ ചന്ദ്രികയ്ക്ക് പിന്നീട് എന്തുപറ്രിയെന്ന അന്വേഷണമാണ് ഇതിവൃത്തം. കൊല്ലം കാളിദാസ കലാകേന്ദ്രമാണ് നാടകം അവതരിപ്പിക്കുന്നത്. നാടകത്തിന് സംഗീതം ഒരുക്കേണ്ടിയിരുന്ന എം.കെ.അർജുനൻ മാഷിന്റെ വിയോഗം വേദനിപ്പിക്കുന്നതാണെന്നും ഫ്രാൻസിസ് മാവേലിക്കര പറഞ്ഞു.