അമ്പലപ്പുഴ : ലോക്ക് ഡൗണിനെത്തുടർന്ന് ബുദ്ധിമുട്ടിലായവർക്ക് ഭക്ഷണവും മരുന്നും എത്തിച്ച് വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ് ആലപ്പുഴ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിലെ പാലിയേറ്റീവ് ഗ്രൂപ്പ് ലീഡറായ സുനിത മഹേശൻ.
പുന്നപ്ര മുതൽ കൊമ്മാടി വരെയുള്ള കിടപ്പു രോഗികൾ, വിധവകൾ, വികലാംഗർ തുടങ്ങിയവർക്ക് പുന്നപ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മ കൂട്ടായ്മയുടേയും, പ്രദേശത്തെ നല്ലവരായ കുടുംബങ്ങളുടേയും സഹായത്തോടെയാണ് ഭക്ഷണവിതരണം നടത്തുന്നത്. ഭക്ഷ്യധാന്യങ്ങളും എത്തിച്ചു നൽകുന്നുണ്ട്.
എൽ.ഐ.സി ഏജന്റു കൂടിയായ സുനിത കഴിഞ്ഞ പ്രളയകാലത്തും സേവനപ്രവർത്തനങ്ങളുമായി മുൻപന്തിയിലുണ്ടായിരുന്നു. എൽ.ഐ.സി വെള്ളക്കിണർ ബ്രാഞ്ച് ഒന്നിലെ ഡെവലപ്പ്മെൻറ് ഓഫീസറായ ഹരിശങ്കറിന്റെ കീഴിൽ കഴിഞ്ഞ 21 വർഷമായി കോടിപതിയാണ് സുനിത. പാലിയേറ്റീവ് സേവന രംഗത്തിനു പുറമെ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.