ആലപ്പുഴ :വീട്ടിൽ പോകാൻ മാർഗമില്ലാതെ വലഞ്ഞ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കാൻസർ രോഗിക്ക് സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിലൂടെ ആരോഗ്യ പ്രവർത്തകർക്കുള്ള പ്രത്യേക ബസിൽ യാത്രാ സൗകര്യമൊരുക്കി. കരുനാഗപ്പള്ളി സ്വദേശിയായ രോഗിയെ ഇന്നലെ രാവിലെയാണ് ആശുപത്രയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. എന്നാൽ വീട്ടിലേക്ക് പോ​കാൻ യാതൊരു യാത്രാമാർവുമില്ലായിരുന്നു. വൈകിട്ട് മൂന്നു മണിയോടെ വി​വ​രം അ​റി​ഞ്ഞെ​ത്തി​യ സാമൂഹ്യ പ്ര​വർ​ത്ത​കൻ ന​വാ​സ് പ​ല്ല​ന ആംബുലൻസ് സൗകര്യത്തിനായി സൂപ്രണ്ടിനെ ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിൽ ഒരു ആംബുലൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ലഭിച്ചില്ല. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടിൽ കൊണ്ടു പോകുന്നതിനായി വന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും അധികൃതരുടെ അനുവാദമുണ്ടെങ്കിലേ കൊണ്ടുപോകാൻ കഴിയൂവെന്ന് ബസ് ജീവനക്കാർ അറിയിച്ചു. തുടർന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവരെ ബന്ധപ്പെട്ട് രോഗിക്ക് ബസിൽ യാത്രാ സൗകര്യമൊരുക്കുകയായിരുന്നു. വൈകിട്ടോടെ ഇയാൾ കരുനാഗപ്പള്ളിയിലേക്ക് യാത്രയായി.