അമ്പലപ്പുഴ: ഐസ് പ്ളാന്റിൽ നിന്ന് ഫോർമാലിൻ കലർത്തിയ 1800 കിലോ മത്സ്യം പിടികൂടി.വളഞ്ഞവഴി ജംഗ്ഷന് തെക്കു വശമുള്ള ഷെഹാൻ ഐസ് പ്ലാന്റിൽ നിന്നാണ് ഓലത്തള എന്ന വലിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം, ഫിഷറീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിൽ പിടികൂടിയത്. വളഞ്ഞ വഴി, കാക്കാഴം പ്രദേശങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം പഴക്കം ചെന്ന മത്സ്യം വിൽക്കുന്നതായി വ്യാപക പരാതിയുയർന്നിരുന്നു.

ഇൻസുലേറ്റഡ് വാഹനത്തിൽ വാടിയിൽ നിന്ന് തിങ്കളാഴ്ചയാണ് മത്സ്യം വളഞ്ഞവഴിയിലെത്തിച്ചത്. ഇവിടെ നിന്ന് വിവിധ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് നൽകാനായാണ് രണ്ടു മാസത്തോളം പഴക്കമുള്ള മത്സ്യം കൊണ്ടുവന്നത്. ഒ.എം.ആർ ഫിഷറീസ് ഉടമ വളഞ്ഞവഴി സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. ചീഞ്ഞ നിലയിലായിരുന്ന മത്സ്യം പിന്നീട് കുഴിച്ചുമൂടി.