വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ 'കൃഷി ചലഞ്ച്'
ആലപ്പുഴ: സമ്പൂർണ്ണ ലോക്ക് ഡൗൺ മൂന്നാം ആഴ്ചയിലേക്ക് കടക്കവേ, വീട്ടിലിരുന്ന് മുഷിഞ്ഞ പലരും ഇതിനോടകം കൃഷിയിൽ കൈവച്ചുതുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടുമെന്നൊക്കെ ഇന്നലെ മുതൽ കേൾക്കുന്നു. അതുകൊണ്ട്, ഇനിയും വെറുതെയിരിക്കുന്നവർക്കുകൂടി പതിയെ കൃഷിയിലേക്കിറങ്ങിയാൽ അവസരമൊരുങ്ങുകയാണ്.
വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ വീട്ടിലൊരു പച്ചക്കറി തോട്ടം ഉണ്ടാക്കിക്കൂടേ എന്ന മുഖ്യമന്ത്റി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്തവരാണ് വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷി ആരംഭിച്ചത്. അടുക്കള വേസ്റ്റ് ഉൾപ്പെടെ ഉപയോഗിച്ച് ജൈവ രീതിയിലാണ് കൃഷി. വേഗം കായ്ക്കുന്ന പച്ചമുളക്, വെണ്ട, തക്കാളി, കറിവേപ്പില തുടങ്ങിയവയാണ് കൂടുതൽപ്പേരും നട്ടുനനയ്ക്കുന്നത്. ഫേസ് ബുക്കിലെ ജൈവ കൃഷി കൂട്ടായ്മകളും സജീവമാണ്. 21 ദിന 'കൃഷിചലഞ്ചി'ലും പലരും പങ്കാളികളായിട്ടുണ്ട്. കൃഷി ചെയ്യുന്ന ഫോട്ടോകൾ ഗ്രൂപ്പുകളിൽ അപ് ലോഡ് ചെയ്യുന്ന മത്സരങ്ങളും പുരോഗമിക്കുകയാണ്. ഓരോ സീസണിലും കൃഷി ഇറക്കാവുന്ന ഇനങ്ങളെ കുറിച്ചും അവയുടെ വളപ്രയോഗം, കീടനിയന്ത്റണം, വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ചുമൊക്കെ സമയാസമയം നിർദേശങ്ങൾ ഗ്രൂപ്പിൽ ലഭിക്കും.
വിഷുവിനു വിളവെടുക്കാനുള്ള കണിവെള്ളരിയും ഓണത്തിന് ഏത്തക്കുലയ്ക്കുള്ള വാഴയുമൊക്കെ ഗ്രൂപ്പുകളിലെ അംഗങ്ങൾ കൃഷി ചെയ്തു കഴിഞ്ഞു. പുതിയ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും പുതിയ കൃഷി രീതികൾ പരിചയപ്പെടുത്താനും സജീവ ശ്രമങ്ങളാണ് ഇവർ നടത്തുന്നത്.
..................................................
ലോക് ഡൗൺ കാലത്ത് ഗ്രോ ബാഗിനു പകരം അരിച്ചാക്കോ അരിപ്പൊടി കവറോ ഉപയോഗിക്കാം
മുട്ടത്തോടിലും പ്ലാവില കുമ്പിളിലും പോട്ടിംഗ് മിക്‌സ് നിറച്ച് വിത്തു മുളപ്പിക്കാം, പറിച്ചു നടേണ്ട പരുവമാകുമ്പോൾ ഇതോടുകൂടി നട്ടാൽ മതി
തക്കാളിയുടെയും വഴുതനയുടെയും വിത്തില്ലെങ്കിൽ മൂത്തുതുടങ്ങിയ മൂന്നോ നാലോ കമ്പുകൾ വെള്ളത്തിൽ ഇട്ടുവച്ചാൽ ഒരാഴ്ച കൊണ്ട് വേരിറങ്ങിക്കിട്ടും
പച്ചക്കറി വേസ്റ്റ് കമ്പോസ്റ്റാക്കാൻ രണ്ടാഴ്ച മതി
കരിയില ചാക്കിൽ നിറച്ച് ചാണകവെള്ളം തളിച്ച് വച്ചാൽ ഒരു മാസം കഴിയുമ്പോൾ കരിയില കമ്പോസ്റ്റായി
മീൻ വേസ്റ്റും ശർക്കരയും മതി മത്തിക്കഷായം (ഫിഷ് അമിനോ ആസിഡ്) ഉണ്ടാക്കാൻ
ബയോ ഗ്യാസ് വളം മാത്രമല്ല, നേർപ്പിച്ച് സ്‌പ്രേ ചെയ്താൽ കീടനാശിനിയുമായി
വെളുത്തുള്ളിയും കാന്താരിയും മഞ്ഞൾപൊടിയും കഞ്ഞിവെള്ളവുമൊക്കെ തരം പോലെ കീടനാശിനിയാക്കാം
.........................................
കൃഷിയോട് ഇഷ്ടമുണ്ടായിരുന്നെങ്കിലും ജോലിത്തിരക്ക് മൂലം ഒന്നും നടന്നിരുന്നില്ല. ലോക്ക് ഡൗണിനെ പറ്റിയ അവസരമായി കാണുകയാണ്. ഭാവിയിലെങ്കിലും വിഷ പച്ചക്കറികളോട് വിട പറയാമല്ലോ
(സുരേഷ്, ആട്ടോറിക്ഷ ഡ്രൈവർ)