മാവേലിക്കര: കൊവിഡ് 19മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ മാവേലിക്കര മണ്ഡലത്തിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. 1924 പേരാണ് മാവേലിക്കരയിൽ കൊറോണ നിരീക്ഷണത്തിലുള്ളത്. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തു നിന്നോ വിദേശ രാജ്യങ്ങളിൽ നിന്നോ എത്തിയവരാണ്. തെക്കേക്കര പഞ്ചായത്തിൽ 301, തഴക്കര - 347, മാവേലിക്കര - 336, ചുനക്കര - 201, താമരക്കുളം -145, വള്ളികുന്നം - 214, നൂറനാട് - 205, പാലമേൽ - 175 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കണക്ക്. ഇതുവരെ 273 വ്യക്തികൾ ഹോം ക്വാറന്റൈൻ പൂർത്തീകരിച്ചു കഴിഞ്ഞു.

ജില്ലാ ആശുപത്രിയിൽ 6പുതിയ ഡോക്ടർമാരെ അധികമായി നിയമിച്ചിട്ടുണ്ട്.ചുനക്കര സി.എച്ച്.സിയിൽ രണ്ട് ഡോക്ടർമാരേയും വള്ളികുന്നം, പാലമേൽ, നൂറനാട്, തഴക്കര പി.എച്ച്.സികളിൽ ഓരോ ഡോക്ടർമാരേയും അധികമായി നിയമിച്ചിട്ടുണ്ട്. ഐസൊലേഷൻ മുറികളും സ്ഥാപിച്ചു . ലെപ്രസി സാനിറ്റോറിയം, ജില്ലാ ആശുപത്രികളിലടക്കം 210ഐസൊലേറ്റഡ് ബെഡുകളാണ് ഉള്ളത്. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്.