bdn

ഹരിപ്പാട്: പലചരക്കു കടയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 112 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായ വ്യാപാരി, ഈ കേസിൽ സ്റ്റേഷൻ ജാമ്യത്തിറങ്ങിയതിന്റെ പിറ്റേന്ന് 500 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി പിടിയിൽ. ഇയാളെ വീണ്ടും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപം വട്ടുമുക്ക് ചാപ്രായിൽ ബിജുവിനെയാണ് (47) വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് 500 പാക്കറ്റുകളുമായി ഹരിപ്പാട് സി.ഐ ഫയസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കടയ്ക്കു സമീപത്തുവച്ച് ബിജുവിനെ പൊലീസ് സംഘം പരിശോധിച്ചപ്പോൾ ദേഹത്ത് ഒളിപ്പിച്ച നിലയിൽ ഏതാനും പാക്കറ്റുകൾ കണ്ടെത്തി. തുടർന്ന് കടയിൽ നടത്തിയ പരിശോധനയിലാണ് കടയോടു ചേർന്നുള്ള മുറിയിൽ നിന്ന് 112 പാക്കറ്റുകൾ കൂടി കണ്ടെടുത്തത്. ഈ കേസിൽ വൈകിട്ട് ജാമ്യത്തിലിറങ്ങിയ ബിജുവിനെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ശേഷിച്ച പാക്കറ്റുകളുമായി ഇന്നലെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.