മാവേലിക്കര: ജില്ലയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ജില്ലാക്കോടതി ഒന്ന് ഓൺലൈൻ വഴി ജാമ്യാപേക്ഷകൾ പരിഗണിച്ചു തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാട്സാപ്പ് വീഡിയോ കോളുകളിലൂടെ തിങ്കളാഴ്ച മുതൽ വാദം കേട്ടു തുടങ്ങിയത്.
പ്രതികൾക്ക് ജില്ലാ കോടതിയിൽ അഭിഭാഷകർ മുഖേന ഇ മെയിൽ ജാമ്യാപേക്ഷ സമർപ്പിക്കാം. കുറ്റകൃത്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളുടെ റിപ്പോർട്ട് പ്രോസിക്യൂട്ടർ മുഖേന പൊലീസ് കോടതിയിൽ സമർപ്പിക്കും. ഇത് പരിശോധിച്ച് കേസുകളിൽ വാദം കേൾക്കണമെന്ന് കോടതി നിരീക്ഷിച്ചാൽ തീയതിയും സമയവും തീരുമാനിച്ച് വാട്സാപ്പ് വീഡിയോ കോളിലൂടെ വാദം പൂർത്തിയാക്കും. ഉത്തരവുകൾ ഓൺലൈനിൽ തന്നെ പ്രതിഭാഗം അഭിഭാഷകർക്കും പ്രോസിക്യൂട്ടർക്കും ജയിൽ സൂപ്രണ്ടിനും ലഭ്യമാക്കും. ആദ്യമായാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലപ്പുഴ ജില്ലാ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ആദ്യദിവസം സ്പെഷൽ ജഡ്ജി ടി.കെ.രമേശ് കുമാർ വീട്ടിലിരുന്ന് വാദം കേട്ടു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമയും പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ മനു ഹർഷകുമാർ, ഗുൽസാർ, വിൽസന്റ് ജോസഫ് എന്നിവരും കോടതി നടപടിയുടെ ഭാഗമായി.