ഹരിപ്പാട്: ലോക്കൗ ഡൗണിനെത്തുടർന്ന് പൊതുവിപണിയിൽ പഴം,പച്ചക്കറി വിലയുയർന്നപ്പോൾ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ ഇടപെടലുകളുമായി ഹോർട്ടികോർപ്.
നാട്ടിലെ കർഷകർ ഉൽപാദിപ്പിച്ച മുഴുവൻ പച്ചക്കറികളും പഴവർഗങ്ങളും ഹോർട്ടികോർപ്പ് സംഭരിച്ച് വിപണിയിൽ വിലകുറച്ച് വിൽക്കുകയും ചെയ്യുന്നു .
ജില്ലയിൽ ഹരിപ്പാട് കുമാരപുരത്തും ആലപ്പുഴയിലെ തലവടിയിലും പ്രവർത്തിക്കുന്ന ഡിപ്പോകളിൽ പച്ചക്കറികളും പഴവർഗങ്ങളും വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയുടെ തെക്കൻ പ്രദേശങ്ങളായ വെണ്മണി, തഴക്കര, ചെറിയനാട് എന്നീ പ്രദേശങ്ങളിലെ കർഷകർ ഉൽപാദിപ്പിച്ച വെള്ളരി, പയർ ,പടവലം, മത്തൻ, തടിയൻ എന്നിവയും മൂന്നാർ വട്ടവട, കാന്തല്ലൂർ മേഖലകളിലെ കാരറ്റ്, കാബേജ് പാലക്കാട് മുതല മടയിൽ നിന്നുള്ള സിന്ദൂരം, ബംഗരപള്ളി മാങ്ങകൾ എന്നിവ സംഭരിച്ചു. മലപ്പുറത്തെ കർഷകരിൽ നിന്നും സംഭരിച്ച ഏത്തക്കായ ആറു കിലോഗ്രാം 100 രൂപയ്ക്കും ഞാലിപ്പൂവൻ പഴം 3 കിലോ 100 രൂപയ്ക്കും ലഭിക്കും. ജില്ലയിലെ തെക്കൻ മേഖലയിൽ ഉള്ള മുഴുവൻ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനുകളിലേക്കും കുമാരപുരത്ത് പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പ് സബ് സെന്ററിൽ നിന്ന് പച്ചക്കറികളും പഴവർഗങ്ങളും എത്തിക്കുന്നു. അതിഥി തൊഴിലാളികൾക്കും നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്കും ആവശ്യമായ പച്ചക്കറികളും പഴവർഗങ്ങളും നൽകുന്നുണ്ട്.