മെഡി. ആശുപത്രിയിൽ 800 കിടക്കകൾ സജ്ജം
ആലപ്പുഴ: ജില്ലയിൽ കൊവിഡ് 19 നിയന്ത്റണ വിധേയമാണെങ്കിലും ഭാവിയിൽ നേരിട്ടേക്കാവുന്ന അടിയന്തര സാഹചര്യം പരിഗണിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവ കൊവിഡ് ആശുപത്രികളാക്കും. മെഡി. ആശുപത്രിയിൽ 800ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 150ഉം കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ഹരിപ്പാട് ആശുപത്രിയിൽ 24 മുറികൾ, ആറ് ഐ.സി.യു കിടക്ക എന്നിവയും സജ്ജമാക്കി. ഇതോടൊപ്പം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, കൊവിഡ് കെയർ സെന്ററുകൾ എന്നിവയും തയ്യാറാണെന്ന് കളക്ടർ എം.അഞ്ജന അറിയിച്ചു.
. മെഡിക്കൽ കോളജ് ആശുപത്രിയിൽ 46 മുറികളും കൊവിഡ് സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ അറിയിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എം.പുഷ്പലതയുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. 130 ഐ.സി.യു കിടക്കകളും ഇവിടെയുണ്ട്. ലബോറട്ടറി സൗകര്യങ്ങൾ, നിരീക്ഷണത്തിലിരിക്കുന്നവർക്ക് ആവശ്യമെങ്കിൽ പ്രത്യേക പ്രസവ മുറി, പ്രത്യേക ഓപ്പറേഷൻ തിയറ്റർ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരും സീനിയർ ഉദ്യോഗസ്ഥരും അടങ്ങിയ കമ്മിറ്റി കൊവിഡ് ആശുപത്രി സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. പ്രത്യേക കൺട്രോൾ റൂമുണ്ട്. ജില്ലയിൽ ഇപ്പോൾ നിലവിലുള്ള ഐസൊലേഷൻ സൗകര്യങ്ങൾ കൂടാതെയാണ് ഭാവി മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങൾ. ആലപ്പുഴ ജനറൽ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, കായംകുളം ആശുപത്രി, തുറവൂർ താലൂക്ക് ആശുപത്രി, മാവേലിക്കര ആശുപത്രി എന്നിവ നിലവിൽ ഐസൊലേഷൻ സൗകര്യങ്ങളോടെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ജനറൽ ആശുപത്രിയിൽ 11, ചേർത്തലയിൽ 10, കായംകുളത്ത് 16, തുറവൂരിൽ 10, മാവേലിക്കരയിൽ 16 എന്നിങ്ങനെ മുറികളും തയ്യാറാക്കി.
ജില്ലയിൽ രോഗ ബാധിതകരുടെ എണ്ണം വർദ്ധിച്ചാൽ നേരിടാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറാക്കുന്നുണ്ട്. ഓരോ ബ്ലോക്കിലും ഒരു സ്ഥാപനമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.
# കൊവിഡ് കരുതൽ
കായംകുളം എൽമെക്‌സ് ആശുപത്രിയിൽ 120 മുറികളും 16 കിടക്കകൾ ഉള്ള ഐ.സി.യുവും
മുളക്കുഴ സെഞ്ച്വറി ആശുപത്രിയിൽ 70 മുറികൾ
വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്ക് 12 കൊവിഡ് കെയർ സെന്ററുകൾ
ഇവിടങ്ങളിൽ 405 മുറികളുണ്ട്, നിരീക്ഷണത്തിലുള്ളത് 83 പേർ
ഹൗസ്‌ബോട്ടുകൾ കോവിഡ് കെയർ സെന്ററുകൾ ആക്കാനുള്ള സാദ്ധ്യത തേടും
പ്രതിരോധ രംഗത്തുള്ളത് 679 നഴ്‌സിംഗ് സ്റ്റാഫും 2,066 ആശാവർക്കർമാരും
24 മണിക്കൂർ പ്രവർത്തന സജ്ജരായി ആംബുലൻസ് ഡ്രൈവർമാർ
35 ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകി
14 ആംബുലൻസുകളും സജ്ജം
.....................................................
ജില്ലയിൽ അപകടകരമായ സ്ഥിതിവിശേഷം ഇപ്പോൾ ഇല്ലെങ്കിലും അടുത്തൊരു ഘട്ടം ഉണ്ടായാൽ നേരിടാൻ ആരോഗ്യവിഭാഗം സജ്ജമാണ്
(ജില്ലാ മെഡിക്കൽ ഓഫീസർ)