മാവേലിക്കര: പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണ് കൃഷിവിളയേണ്ടതെന്ന പക്ഷക്കാരിയാണ് മാവേലിക്കര നഗരസഭ ചെയർപെഴ്സൺ ലീല അഭിലാഷ്. നേരത്തേതന്നെ കൃഷിയിൽ തത്പരയായ ഈ മുഴുവൻസമയ രാഷ്ട്രീയക്കാരി, വീണുകിട്ടിയ ലോക്ക് ഡൗൺ കാലം ജൈവ കൃഷിക്കുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുകയാണ്.
ചെട്ടികുളങ്ങര ഈരേഴവടക്ക് സഹോദരയിൽ ലീലാ അഭിലാഷ് കൃഷിവകുപ്പിന്റെ ജീവനി പദ്ധതി പ്രകാരമാണ് വീടിനോട് ചേർന്നുള്ള 16 സെന്റിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. മാവേലിക്കര കൃഷി ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന എം.എൻ.പ്രസാദ്, ബി.എസ്. ഇന്ദുലേഖ എന്നിവരായിരുന്നു പ്രചോദനവും പിന്തുണയും നൽകിയത്. തക്കാളി, പയർ, ചീര, കാച്ചിൽ, കുമ്പളം, വഴുതനം, മുളക്, മരച്ചീനി, ചേമ്പ്, പടവലം, പാവൽ, മുരിങ്ങ തുടങ്ങിയവയെല്ലാം കൃഷി ചെയ്തു. ജൈവവളം മാത്രമാണു കൃഷിക്ക് ഉപയോഗിക്കുന്നത്. വീട്ടിലെ ആവശ്യത്തെക്കാളേറെ വിഷരഹിത പച്ചക്കറി ലഭിക്കുന്നുണ്ടെന്ന സന്തോഷത്തിലാണ് ലീല അഭിലാഷും ഭർത്താവ് സ്റ്റാറ്റിസ്റ്റിക്സ് റിട്ട.ജില്ലാ ഓഫീസർ എസ്.അഭിലാഷും.
രാഷ്ട്രീയ തിരക്കിനിടെ ദിവസം രാവിലെയും വൈകിട്ടും സമയം കണ്ടെത്തി കൃഷിത്തോട്ടം പരിപാലിക്കും. ആദ്യ വിളവിന്റെ മേന്മയിൽ കൃഷിയിൽ കൂടുതലായി ശ്രദ്ധിച്ചു. ഓറഞ്ച്, നാരകം, റംബുട്ടാൻ, ചാമ്പ, സപ്പോട്ട, പേര എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പറമ്പ് കിളയ്ക്കാനും മറ്റും സമീപവാസിയായ കിഴക്കേകുറ്റിയിൽ തങ്കപ്പനും നളിനിയും ഒപ്പം കൂടിയതോടെ വ്യത്യസ്ത പച്ചക്കറികൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണു സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ ചെയർപെഴ്സൻ.