മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പാവപ്പെട്ടവർക്കായി ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് ജനപിന്തുണയേറുന്നു.
യൂണിയൻ അതിർത്തിയിലെ മുഴുവൻ ശാഖകളിൽ നിന്നും ദിവസേന നൂറുകണക്കിന് പേരാണ് സഹായം അഭ്യർത്ഥിച്ച് സമീപിക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ പറഞ്ഞു. ജില്ലകളിൽ ലഭിക്കാത്ത മരുന്നുകൾ സമീപ ജില്ലകളിൽ നിന്നു വരെ സമാഹരിച്ചാണ് ആവശ്യക്കാർക്ക് എത്തിക്കുന്നത്. യൂത്ത്മൂവ്മെന്റ് യൂണിയൻ സമിതിയുടെ പൂർണ സഹായത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. വർഷങ്ങളായി കാൽമുട്ടിന്റെ അസുഖത്തിന് ഹരിപ്പാട്ടെ സ്വകാര്യ മർമ്മ ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലുള്ള, കലവൂർ കെ.എസ്.ഡി.പിപിന്നിലായി താമസിക്കുന്ന സെബാസ്റ്റ്യന്റെ ഭാര്യ മേഴ്‌സിക്ക് യൂത്ത്മൂവ്മെന്റ് പ്രവർത്തകർ മരുന്നെത്തിച്ചു നൽകി. ഹരിപ്പാട്ടെ ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് മരുന്ന് എത്തിച്ചത്. മരുന്ന് മുടങ്ങിയതോടെ മേഴ്സിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മേഴ്സിയുടെ വീട്ടിലെത്തി താലൂക്ക് യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് പി.ബി.രാജീവ് മരുന്ന് കൈമാറി.യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി പി.എസ്.അഭിരാമും ഒപ്പമുണ്ടായിരുന്നു.