കായംകുളം: ഡോക്ടർ ഉൾപ്പെടെ ആറുപേർക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചുകൊടുത്ത് ഫയർഫോഴ്സിന്റെ ജനകീയ ഇടപെടൽ വീണ്ടും.
പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ കരീലക്കുളങ്ങര രഘു വിഹാറിൽ കിരൺ രഘുനാഥിനാണ് തിരുവനന്തപുരത്ത് നിന്നു അടിയന്തിരമായി ആവശ്യമുള്ള മരുന്നുകൾ എത്തിച്ചു നൽകിയത്. വിമുക്ത ഭടൻ പുതിയവിള പ്രഭാവിലാസത്തിൽ സോമൻ പത്തനംതിട്ട ഓമല്ലൂരിൽ ഹോം അപ്ലയൻസ് സ്ഥാപനത്തിൽ ഡ്രൈവറാണ്. ഹൃദ്രോഗി ആയ സോമൻ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പത്തനംതിട്ടയിലെ കടയ്ക്കുള്ളിലായിപ്പോയി. ലോക്ക് ഡൌൺ മൂലം മരുന്നുകൾ എടുക്കാൻ കഴിയാതെ വന്നപ്പോൾ കായംകുളം ഫയർ സ്റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഈ മരുന്നുകൾ എത്തിക്കാൻ സാധിച്ചു. പത്തിയൂർ മേനാമ്പള്ളിൽ പടിഞ്ഞാറേ കൊളശ്ശേരിൽ വീട്ടിൽ കണ്ണൻ പിള്ളയ്ക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കോട്ടയത്ത് നിന്നു എത്തിച്ചു നൽകി..
അപസ്മാര രോഗിയാണ് നൂറനാട് സ്‌മിതാഭവനത്തിൽ 8 വയസുകാരൻ അക്ഷയ്. മരുന്നുകൾ കിട്ടാതെ ഉറക്കക്കുറവും മറ്റു അസ്വസ്ഥതകളും പ്രകടിപ്പിച്ചപ്പോൾ വീട്ടുകാർ കായംകുളം ഫയർ ഫോഴ്സുമായി ബന്ധപ്പെടുകയും തിരുവനന്തപുരത്ത് നിന്നു മരുന്ന് എത്തിച്ചു നൽകുകയും ചെയ്തു.
പട്ടോളി മാർക്കറ്റിനു സമീപം കാൻസർ രോഗിയായ മണിയമ്മയ്‌ക്കും നൂറനാട് പയ്യനല്ലൂർ വിജയഭവനത്തിൽ കാൻസർ രോഗിയായ വിജയമ്മയ്ക്കും തിരുവനന്തപുരം ആർ.സി.സിയിൽ നിന്ന് മരുന്ന് എത്തിച്ചതും കായംകുളം ഫയർഫോഴ്സ് സംഘമാണ്.