ചേർത്തല: കൊവിഡ് നിരീക്ഷണത്തിലുള്ളവർ കറങ്ങി നടക്കുന്നത് വകുപ്പുതലത്തിലും നഗരസഭയിലും അറിയിച്ച ആരോഗ്യ വകുപ്പു ജീവനക്കാരിയുടെ വീട്ടുവളപ്പിലെ 12 ജാതി മരങ്ങൾ അക്രമികൾ തീവച്ചു നശിപ്പിച്ചു.
ചേർത്തല താലൂക്ക് ആശുപത്രി ഹെഡ് നഴ്‌സ് മുനിസിപ്പൽ പത്താം വാർഡ് അനുഗ്രഹയിൽ എസ്.ഒ.ശ്രീജയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. മംഗലാപുരത്ത് പഠിക്കുന്ന മകളുമായി മാർച്ച് 15 ന് സമീപവാസി നാട്ടിലെത്തി. ഇവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെ കുടുംബവുമായി കറങ്ങി നടന്നു. ഇത് ശ്രീജ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 19 ന് ഇവരോട് നിർബന്ധമായും നിരീക്ഷത്തിലാകണമെന്നും അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവർ വീണ്ടും വിലക്കു ലംഘിച്ച വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതിന്റെ പ്രതികാരമാണ് അക്രമമെന്ന് കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു.