തുറവൂർ: പെരുമ്പളം ദ്വീപിൽ രണ്ട് ദിവസങ്ങളിലായി കുത്തിയതോട് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 200 ലിറ്റർ കോട പിടിച്ചെടുത്തു. ഒരാൾ പിടിയിലായി. പെരുമ്പളം പഞ്ചായത്ത് നാലാം വാർഡ് പടിഞ്ഞാറെ പാലത്തിൽ രജിൽ മോൻ(35) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് ഇൻസ്പെക്ടർ പി.എസ്.സുജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രജിൽ മോന്റെ വീടിനു സമീപം കന്നാസിൽ ഒളിപ്പിച്ച നിലയിൽ 50 ലിറ്റർ കോട കണ്ടെത്തിയത്. തുടർന്ന് ഇന്നലെ പെരുമ്പളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 150 ലിറ്റർ കോടയും കണ്ടെടുത്തു. അസി. ഇൻസ്പെക്ടർ.പി.ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മോബി വർഗീസ്, ശ്രീജിത്, പ്രവീൺ കുമാർ, ഉമേഷ്, ശ്രീജ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.