 ട്രൗൺ നിരീക്ഷണത്തിൽ ചാർജ് ചെയ്തത് 63 കേസുകൾ

ആലപ്പുഴ : കാണുമ്പോൾ ഭയപ്പാടോടെ പലരും ഓടുന്നുണ്ടെങ്കിലും നാട്ടിലിപ്പോൾ ഡ്രോണാണ് താരം. ലോക്ക് ഡൗൺ കാലത്തെ നിയമലംഘകരെ കുടുക്കുന്നതിനൊപ്പം നാടിന്റെ മനോഹരദൃശ്യം ഒപ്പിയെടുക്കുക കൂടിയാണ് പൊലീസിന്റെ ആകാശ നിരീക്ഷണത്തിനുള്ള ഡ്രോണുകൾ.

തലയ്ക്കു മീതേ ഡ്രോൺ പറന്നപ്പോൾ താഴെ പറപറക്കുകയായിരുന്നു പലരും. ഉടുമുണ്ടുപേക്ഷിച്ചും കുടചൂടിയും ഓടിയവരുണ്ട്. സംഘർഷ മേഖലയിൽ പൊലീസ് ലാത്തി വീശുമ്പോൾ ജനം നാനാവഴിക്ക് ഓടുന്നതിനേക്കാൾ വേഗതയിലാണ് ഡ്രോൺനിരീക്ഷണം കണ്ടവർ ഓടിയത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ പൊലീസ് ഡ്രോണിന്റെ സഹായത്തോടെ നടത്തിയ ആകാശ നിരീക്ഷണത്തിൽ ചീട്ടുകളിക്കാർ ഉൾപ്പെടെയുള്ളവർ കുടുങ്ങി. വീടുകളുടെ ടെറസിൽ തമ്പടിച്ച സംഘങ്ങൾക്കും ഡ്രോണിന്റെ കണ്ണു വെട്ടിക്കാനായില്ല.

കലവൂർ, തോട്ടപ്പള്ളി, ആറാട്ടുപുഴ എന്നിവിടങ്ങളിലാണ് ചീട്ടുകളികളി സംഘം ഡ്രോൺ കണ്ട് ഓടിയത്. ആലപ്പുഴ കരളകം പാടത്ത് വ്യാജമദ്യ വില്പന സംഘത്തെ നിരീക്ഷിക്കാൻ ഡ്രോൺ വട്ടമിട്ടപ്പോൾ വില്പനക്കാരും മദ്യം വാങ്ങാൻ എത്തിയവരും പോയവഴി കണ്ടില്ല. പാടത്ത് സംഘമായി ക്രിക്കറ്റ് കളിക്കാൻ എത്തിയ കുട്ടികളും ബാറ്റും ബാളും ഉപേക്ഷിച്ച് ഓടി.

നഗരത്തിലെ പുലയൻവഴി, വഴിച്ചേരി മാർക്കറ്റുകളിലും സക്കറിയാ ബസാർ ഭാഗങ്ങളിലും കൂട്ടം കൂടി നിന്നവർ ആകാശക്കണ്ണിൽ കുടുങ്ങി. ജില്ലയിൽ നാലു ഡിവൈ എസ്.പിമാരുടെ പരിധിയിലെ പ്രധാനപ്പെട്ട 20 പൊലീസ് സ്റ്റേഷനുകളിലാണ് നിരീക്ഷണത്തിനായി ഡ്രോൺ നൽകിയിട്ടുള്ളത്. ഒരു പോയിന്റിൽ നിന്ന് ഏഴ്കിലോമീറ്റർ ചുറ്റളവിലുള്ള ചിത്രങ്ങൾ പകർത്താൻ കഴിയും. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ ആകാശ നിരീക്ഷണത്തിലൂടെ മാത്രം 63കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു.