ആലപ്പുഴ: രാഷ്ട്രീയ പ്രവർത്തനത്തിന് കൊവിഡ് കാലം ബ്രേക്കിട്ടപ്പോൾ മുൻ എം.പി സി.എസ്. സുജാത ഇറങ്ങിയത് കൃഷിയിടത്തിലേക്ക്. വള്ളികുന്നം കാമ്പിശ്ശേരി ജംഗ്ഷനുസമീപം എ.ജി ഭവനത്തോടു ചേർന്നുള്ള 60 സെന്റ് സ്ഥലത്ത് പച്ചക്കറിയും മറ്റ് കരകൃഷിയിനങ്ങളും നട്ടുനനയ്ക്കുകയാണ്. റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മജിസ്ട്രേട്ടായ ഭർത്താവ് ജി.ബേബിയും ഒപ്പമുണ്ട്.
കരകൃഷിക്ക് പ്രസിദ്ധമാണ് ഓണാട്ടുകര. കമ്മ്യൂണിസ്റ്ര് പാരമ്പര്യത്തിനൊപ്പം കൃഷിപാരമ്പര്യവുമുണ്ട് സുജാതയുടെ കുടുംബത്തിന്. പേരുകേട്ട കൃഷിക്കാരാണ് ബേബിയുടെ കുടുംബവും. കഴിഞ്ഞ കുറേ വർഷങ്ങളായി കൃഷിയിൽ അത്ര ശ്രദ്ധിക്കാറില്ലായിരുന്നു. ജോലിത്തിരക്കുമായി ബേബി രാവിലെ യാത്രയാവും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സുജാതയ്ക്കും തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എങ്കിലും അത്യാവശ്യ പച്ചക്കറികൃഷിയൊക്കെയുണ്ട്. വീട്ടാവശ്യത്തിനുള്ളത് എടുത്തശേഷം ബാക്കി അയൽവീടുകളിൽ കൊടുക്കും. അവിടെ വിളയുന്ന വിഭവങ്ങൾ ഇങ്ങോട്ടും കിട്ടും. അടുത്ത വീട്ടിലെ നാച്ചിമ ഉമ്മയാണ് ഇക്കാര്യത്തിൽ അടുത്ത മിത്രം. ഏക മകൾ കാർത്തിക നെതർലാന്റ്സിൽ റിസർച്ച് ചെയ്യുന്നു. മരുമകൻ ശ്രീരാജ് ബംഗളൂരുവിൽ ഇൻഫോസിസിലാണ്.
പറമ്പ് നിറയെ വിളകൾ
പയർ, പച്ചമുളക്, പപ്പായ, ചീര തുടങ്ങിയ പച്ചക്കറികൾ വിളവെടുപ്പു തുടങ്ങി. ചേന, ചേമ്പ്, മരച്ചീനി, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നിവയും നട്ടു. കിളയും തടമെടുപ്പും നടീലും ഇരുവരും ചേർന്നു നടത്തി. വാഴകൃഷിയുമുണ്ട്. പാളയന്തോടൻ, പൂവൻ, ഞാലിപ്പൂവൻ, മലമ്പൂവൻ, കണ്ണൻ, ഏത്തൻ തുടങ്ങിയ ഇനങ്ങളാണുള്ളത്. ചാണകവും വേപ്പിൻപിണ്ണാക്കും അടക്കമുള്ള ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്.
''പണ്ടേ എനിക്ക് കൃഷി ഇഷ്ടമാണ്. തിരക്കുകാരണം സമയം കിട്ടാറില്ലായിരുന്നു. ഇപ്പോൾ സൗകര്യം ലഭിച്ചപ്പോൾ അത് പ്രയോജനപ്പെടുത്തി. അല്പം മുടങ്ങിപ്പോയ വായനയും പുനരാരംഭിക്കാൻ കഴിഞ്ഞു. പലകുറി വായിച്ച പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ വീണ്ടും വായിക്കണം. -സി.എസ്. സുജാത പറഞ്ഞു.