 പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട്, കാറ്ററിംഗ് മേഖല ലോക്ക്ഡൗണിൽ

ആലപ്പുഴ: ലോക്ക് ഡൗണിന്റെ ഇരുട്ടിലായ ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ, കാറ്ററിംഗ് മേഖലയിലെ തൊഴിലാളികളും ഉടമകളും, തങ്ങളുടെ കൺമുന്നിൽ ഒരു സീസൺ ഇല്ലാതാവുന്നത് നിരാശയോടെ കണ്ടുനിൽക്കുകയാണ്. മറ്റു പല തൊഴിൽ മേഖലകൾക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച സർക്കാർ തങ്ങളെ അവഗണിച്ചെന്ന പരാതിയിലാണ് ഈ വിഭാഗം. എങ്കിലും നിരാശ അടക്കിപ്പിടിച്ച് സർക്കാരിനും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തങ്ങളാൽ കഴിയും വിധമുള്ള സഹകരണം ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണിവർ.

സംസ്ഥാനത്ത് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷനിൽ 6,500 ഉടമകളും രണ്ട് ലക്ഷം തൊഴിലാളികളും അംഗങ്ങളാണ്. അംഗങ്ങളല്ലാത്തവർ ഇതിന്റെ ഇരട്ടിയോളമുണ്ടാവും. ഉത്സവ, വിവാഹ സീസണായ ഏപ്രിൽ, മേയ് മാസങ്ങൾ ഇനിയൊരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം
ഇതിനോടകം 'കൈമോശം' വന്നുകഴിഞ്ഞു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ സംഘടന തീരുമാനിക്കുകയായിരുന്നു. അസോസിയേഷന്റെ നേതൃത്വത്തിൽ 3000ത്തോളം കൈകഴുകൽ കേന്ദ്രങ്ങൾ സൗജന്യമായി സ്ഥാപിച്ചു. കഠിന വെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് തണലേകാൻ സംസ്ഥാനത്തുടനീളും സൗജന്യമായി ആയിരത്തോളം പന്തൽ സ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സൗജന്യമായി പാത്രങ്ങൾ നൽകുകയും ചെയ്തു. ചിലർ തങ്ങളുടെ തൊഴിലാളികളെയും വിട്ടുനൽകി.

സീസൺ കാലത്ത് അടിതെറ്റി വീണാൽ പിന്നെ തിരിച്ചുപിടിക്കാനാവില്ല എന്നതാണ് മറ്റു ചില മേഖലകളിലേതെന്ന പോലെ ഈ തൊഴിലിന്റെയും ഗതികേടെന്ന് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഭൂരിഭാഗം പന്തലുകാരും പന്തൽ നിർമ്മാണത്തിനൊപ്പം കാറ്ററിംഗ് സർവ്വീസും നടത്തുന്നുണ്ട്. രണ്ടുംകൂടി ഒരു പാക്കേജായി നടപ്പാക്കുന്നവരാണ് ഏറെയും. കാറ്ററിംഗ് സർവ്വീസ് പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

 നടയടച്ച് അമ്പലങ്ങൾ

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവാണ് പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളുടെയും തൊഴിലാളികളുടെയും ചാകരക്കാലം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ മാത്രം 1248 ക്ഷത്രങ്ങളുണ്ട്. സ്വകാര്യ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങൾ വേറെയും. ഇവിടങ്ങളിലെയെല്ലാം ഉത്സവ നാളുകൾ പന്തലുകാർക്കും മൈക്കുകാർക്കും നഷ്ടപ്പെട്ടു. ചെറിയൊരു ക്ഷേത്രമായാൽ പോലും പത്തു ദിവസത്തെ ഉത്സവത്തിന് പന്തലും അലങ്കാരപ്പണികളുമൊക്കെയായി കുറഞ്ഞത് 25,000 രൂപയെങ്കിലും ലഭിക്കുമായിരുന്നു. മൈക്ക് സെറ്റുകാർക്ക് 32,000- 35,000 രൂപയോളവും. ഇതൊക്കെ ഓർമ്മയായി. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്സവവുമായി ബന്ധപ്പെട്ട ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തിയത്. ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതിനാൽ പന്തലുകാർക്കോ, ലൈറ്റ് ആൻഡ് സൗണ്ടുകാർക്കോ 'ക്ഷേത്രപ്രവേശനം' നിഷേധിക്കപ്പെട്ടു.

 മേളമൊഴിഞ്ഞ കല്യാണങ്ങൾ

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കല്യാണങ്ങൾ പലതും നിശ്ചയിച്ച മുഹൂർത്തത്തിൽത്തന്നെ വീട്ടുകാർ മാത്രം പങ്കെടുത്തുകൊണ്ട് ലളിതമായി നടത്തിയതാണ് പന്തലുകാർക്കു കിട്ടിയ മറ്റൊരു ഇരുട്ടടി. ഒരു മീഡിയം കല്യാണത്തിന് വലിയ ആർഭാടമില്ലാത്ത രീതിയിൽ ഒന്ന് ഒരുക്കിയാൽത്തന്നെ കുറഞ്ഞത് 20,000 രൂപ പോക്കറ്റിൽ വരുമായിരുന്നു. ഒരു ലക്ഷത്തിനു മീതേ ലഭിക്കുന്ന ഒരുക്കങ്ങളും കല്യാണ സീസണുകളിൽ പന്തലുകാർക്ക് ഒത്തുകിട്ടുമായിരുന്നു. ചെറിയ സെറ്റപ്പിലുള്ള പന്തലുകാരാണെങ്കിലും കുറഞ്ഞത് 7-8 തൊഴിലാളികൾ എങ്കിലുമുണ്ടാവും. ഇവരുടെയെല്ലാം ജീവിതം വഴിമുട്ടിയ അവസ്ഥയാണിപ്പോൾ.

...............................................

'പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾകൾക്കും ഉടമകൾക്കും മറ്റ് തൊഴിൽ മേഖലകളിലെന്ന പോലെ ആനുകൂല്യങ്ങൾ അനുവദിക്കാത്തത് നിരാശയുണ്ടാക്കുന്നു. പലിശരഹിത വായ്പ ലഭ്യമാക്കാനെങ്കിലും നടപടി വേണം

(എ.പി.അഹമ്മദ് കോയ-പ്രസിഡന്റ്, ടി.വി.ബാലൻ, സലിം മുരുക്കുംമൂട്- സെക്രട്ടറിമാർ, ഹയർഗുഡ്സ് ഓണേഴ്സ് അസോ. സംസ്ഥാന കമ്മിറ്റി)