ആലപ്പുഴ: ലോക്ക് ഡൗണിലും കുഴപ്പമില്ലാതെ പിടിച്ചുനിൽക്കുകയാണ് കയർ മേഖല. കൈവശമുള്ള കയർ സ്റ്റോക്ക് ഉപയോഗപ്പെടുത്തി കയർ ഉത്പാദനം തടസപ്പെടാതെ നോക്കാൻ കഴിഞ്ഞു. എന്നാൽ ഇനിയും അധിക നാൾ ഇത് തുടരാൻ കഴിയില്ലെന്ന അവസ്ഥയാണ് വരുന്നതെന്ന് സഹകരണ സംഘം അധികൃതർ ആശങ്കപ്പെടുന്നു. ലോക്ക്ഡൗൺ വന്നതോടെ അന്യസംസ്ഥാനത്ത് നിന്നുള്ള ചകിരി വരവ് നിലച്ചതോടെയാണിത്.
കയർ കേരളയിൽ കയറിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഇക്കാലയളവിൽ ഓരോ കയർ പ്രോജക്ട് ഓഫീർമാർക്കും ടാർജറ്റ് നൽകിയിരുന്നു. പ്രോജക്ട് ഓഫീസർമാർ മാർച്ചിൽ കൂടുതൽ കയർ ഉത്പാദിപ്പിക്കണമെന്ന് സംഘംഭാരവാഹികൾക്ക് നിർദേശം നൽകി. കെട്ടിന് 30കിലോതൂക്കം വരുന്ന 160 കെട്ട് അടങ്ങുന്ന രണ്ടു മുതൽ 10വരെ ലോഡ് ചകിരി കയർ വ്യവസായ സഹകരണ സംഘങ്ങൾ മാർച്ചിലെ ടാർജറ്റിന് വേണ്ടി ശേഖരിച്ചു. ഈ ചകിരി സഹകരണ സംഘത്തിലെ തൊഴിലാളികൾ ലോക്ക്ഡൗൺ കാലയളവിൽ സംഘം ജീവനക്കാർ പിരിത്തൊഴിലാളികളുടെ വീടുകളിൽ എത്തിച്ചിരുന്നു. ഒരാൾ തനിച്ച് ഇലക്ട്രോണിക് റാട്ടിൽ കയർ പിരിക്കുന്നതിനാൽ ലോക്ക്ഡോണും നിരോധനാജ്ഞയും ഇവരെ ബാധിക്കില്ല. ലോക്ക്ഡൗൺ കാലത്ത് 50മുതൽ 400ടൺവരെ കയർ പിരിക്കാൻ സംഘങ്ങൾക്ക് കഴിഞ്ഞു. എന്നാൽ ചകിരി രണ്ടോമൂന്നോ ദിവസത്തിനുള്ളിൽ തീരുന്നതോടെ പ്രതിസന്ധിയാകും.
പ്രോജക്ടുകൾ 10 ഇടങ്ങളിൽ
ചിറയിൻകീഴ്, ആലപ്പുഴ, കൊല്ലം, കായംകുളം, വൈക്കം, നോർത്ത് പറവൂർ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പൊന്നാനി പ്രോജക്ടുകളിലായി 40,000 കയർപിരി തൊഴിലാളികളും ഉത്പാദന മേഖലയിൽ 20,000 തൊഴിലാളികളുമാണ് പണിയെടുക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കയർ പിരി തൊഴിലാളികൾ കായംകുളം പ്രോജക്ടിലാണ്. 125 കയർസഹകരണ സംഘങ്ങളിലായി പിരിമേഖലയിൽ 20,000ത്തോളം തൊഴിലാളികൾ. കയർഫെഡ് ശേഖരിക്കുന്ന കയറിന്റെ 40ശതമാനവും കായംകുളം പ്രോജക്ടിൽ നിന്നാണ്. ഒരു തൊഴിലാളി 50 മുടി ആറാട്ടുപുഴ, വൈക്കം കയർ പിരിച്ചാൽ 350രൂപ കൂലിയായി ലഭിക്കും. ഇതിൽ 240രൂപ സഹകരണ സംഘവും 110രൂപ സർക്കാർ ഇംൻകം സപ്പോർട്ട് സ്കീം പ്രകാരവുമാണ് ലഭിക്കുന്നത്.
കമ്പം, തേനി, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് കയർഫെഡും സഹകരണസംഘങ്ങളും ചകിരി വാങ്ങുന്നത്.
നടപടി സ്വീകരിക്കണം
കയർസംഘങ്ങളിൽ ഉള്ള ചകിരികൾ തൊഴിലാളികൾ പിരിത്തൊഴിലാളികളുടെ വീടുകളിൽ വീൽബാറിൽ എത്തിക്കുന്നതിന് സർക്കാർ അനുമതി കൊടുക്കണമെന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുന്നിൽ കായംകുളം പ്രോജക്ട്
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കയർ പിരി തൊഴിലാളികൾ ഉള്ളത് കായംകുളം പ്രോജക്ടിലാണ്
20,000
ഇവിടെ 125 കയർസഹകരണ സംഘങ്ങളിലായി 20,000ത്തോളം തൊഴിലാളികൾ പിരിമേഖലയിൽ മാത്രം തൊഴിലെടുക്കുന്നു.
40,000
10 പ്രോജക്ടുകളിലായി സംസ്ഥാനത്ത്
40,000 കയർപിരി തൊഴിലാളികളുണ്ട്
20,000
ഇവിടെ ഉത്പാദന മേഖലയിൽ 20,000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്
.............................
കൊവിഡ് 19 കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്യന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്ന് ചകിരി കൊണ്ടുവരാൻ കാലതാമസം ഉണ്ടാകും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചകിരി എത്തിക്കാൻ മേയ് മാസം വരെയാകും.
കയർഫെഡ് അധികൃതർ
..........................................................
ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സംഘങ്ങളിൽ ചകിരി എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്. തമിഴ്നാട്ടിൽ നിന്ന് ചകിരി എത്തിക്കുന്നതിന് സാങ്കേതിക തടസം ഉണ്ട്. ഇതിനെത്തുടർന്ന് കയർഫെഡിന്റെ ഉടമസ്ഥതയിൽ മലബാറിൽ പ്രവർത്തിക്കുന്ന ഡീഫൈബറിംഗ് മില്ലുകളിൽ ഉത്പാദിപ്പിച്ച് ഗോഡൗണിൽ ശേഖരിച്ചിട്ടുള്ള ചകിരി, നിരോധനം മാറിയാൽ ഉടൻ സംഘങ്ങളിൽ എത്തിക്കും.
അഡ്വ. എൻ.സായികുമാർ, ചെർമാൻ കയർഫെഡ്
................................
സഹായം എത്തിക്കും
ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ള മുഴുവൻ തൊഴിലാളികൾക്കും 1000രൂപ വീതം കൊവിഡ് സഹായമായി നൽകും. സർക്കാർ ഫണ്ട്.തരുന്ന മുറയ്ക്ക് മുഴുവൻ തൊഴിലാളികളുടെയും അക്കൗണ്ടിൽ പണം കൈമാറും. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 1,30,000പേരാണ്. ഓഫീസിൽ അക്കൗണ്ട് രേഖകൾ നൽകിയിട്ടുള്ള തൊഴിലാളികൾക്ക് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തുക കൈമാറും. മറ്റ് തൊഴിലാളികൾ അക്കൗണ്ട് രേഖകൾ കൊവിഡ് ലോക്ക്ഡൗണിനും നിരോധനാജ്ഞയ്ക്കും ശേഷം ക്ഷേമനിധി ബോർഡിൽ ഹാജരാക്കിയാൽ മതി.
പി.എം.ഷാജി, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ
കയർ ക്ഷേമനിധി ബോർഡ്