കായംകുളം : കർണ്ണാടകത്തിൽ നിന്ന് കായംകുളത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ആറര ടൺ അഴുകിയ മൽസ്യം നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു.
ഫോർമാലിൻ മുക്കിയ ചാള, ചൂര, മങ്കട, വാത്തിക്കുറിച്ചി, കൊഞ്ച് ,കിളിമീൻ,നെയ്മീൻ,തുടങ്ങിയ ഇനം മൽസ്യങ്ങളാണ് പിടിച്ചെടുത്തത്. പിടയ്ക്കണ പച്ചമീനെന്നും ചൂണ്ടമീനെന്നും പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു കച്ചവടം.
കാക്കനാട് ചന്തയ്ക്ക് സമീപത്തുനിന്നും 30 കിലോ അഴുകിയ ചൂര പിടിച്ചെടുത്തതിന് പിന്നാലെ രാത്രിയോടെ എരുവ പടിഞ്ഞാറു നിന്നും 2500 കിലോ പഴകിയ മൽസ്യം വാഹനം ഉൾപ്പെടെ പിടികൂടി. ഇന്നലെ പുലർച്ചയോടെ കർണ്ണാടകയിൽ നിന്നും ഇൻസുലേറ്റഡ് ലോറിയിൽ കൊണ്ടുവന്ന 3500 കിലോ പഴകിയ മത്സ്യങ്ങൾ എരുവ പടിഞ്ഞാറുനിന്നും പിടിച്ചെടുത്തു. . ഷെഹിദാർ മസ്ജിദിന് സമീപമുള്ള കമ്മീഷൻ കടയിലേയ്ക്കാണ് ഇത് കൊണ്ടുവന്നതെന്ന് ഡ്രൈവർ പറഞ്ഞു.
ഇവിടെ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയ്ക്കുവാൻ ചെറിയ വാഹനങ്ങളിൽ മീ, നിറച്ചു കൊണ്ടിരിയ്ക്കുമ്പോഴാണ് പിടികൂടിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൽസ്യ വിൽപന എല്ലായിടത്തും സജീവമായിരുന്നു. ലോക്ക് ഡൗണിന്റെ പേരിൽ ഇരട്ടി വിലയാണ് ഈടാക്കിയിരുന്നത്.തീ വിലയ്ക്ക് വാങ്ങിക്കൊണ്ടുപോകുന്ന മൽസ്യങ്ങളിൽ പുഴുക്കളും രാസ വസ്തുക്കളുടെ മണവും കണ്ടെത്തിയതോടെയാണ് പരാതി ഉയർന്നത്.