 വലിയതോതിൽ സ്റ്റോക്ക് ഇല്ലാതിരുന്നത് ആശ്വാസം

ആലപ്പുഴ: ലോക്ക് ഡൗൺ മൂലം പടക്കവിപണി വിഷുവിനു മുമ്പേതന്നെ 'പൊട്ടി'യെങ്കിലും ആവശ്യത്തിലധികം സ്റ്റോക്കില്ലെന്നത് വ്യാപാരികൾക്ക് ആശ്വാസം പകരുന്നു. പക്ഷേ, പടക്ക നിർമ്മാതാക്കളും തൊഴിലാളികളുമാണ് നിരാശയിലായത്.

വിഷുവിന് ആലപ്പുഴ നഗരത്തിലെ പടക്കക്കടകളിൽ ശരാശരി രണ്ടര മുതൽ മൂന്ന് ലക്ഷം രൂപയുടെ വരെ കച്ചവടം നടക്കാറുണ്ട്. ഇത്തവണ അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ പലരും സ്റ്റോക്ക് ശേഖരിച്ചുവയ്ക്കാതിരുന്നത് ഭീമമായ നഷ്ടമൊഴിവാക്കി. സാധാരണ മാർച്ച് 15നുള്ളിൽ ശിവകാശിയിൽ നിന്നും നോർത്ത് പറവൂരിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതാണ് കച്ചവടക്കാരുടെ പതിവ്. എന്നാൽ ഇത്തവണ കൊവിഡ് 19 ഭീതി വിതച്ചതിനാലാണ് പലരും മടിച്ചത്. ക്രിസ്മസ് വിപണിക്കു ശേഷം ബാക്കിയുള്ള സ്റ്റോക്ക് കടകളിലുണ്ടെന്നതും കച്ചവടക്കാർക്ക് ആശ്വാസമായിരുന്നു. ഏറെനാൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്നവയല്ല പടക്കങ്ങൾ. ഒറ്റ മഴ മതി സകലതും നശിക്കാൻ. കമ്പിത്തിരി പോലുള്ളവ മാസങ്ങളോളം ഉപയോഗിക്കാതിരുന്നാൽ അതിൽ നിന്ന് വെള്ളമിറങ്ങി നശിക്കും. നഗരത്തിലെ പടക്കവിപണിയിൽ ഏറെപ്രിയം കമ്പിത്തിരിക്കും മത്താപ്പിനുമാണ്. ഡിജിറ്റൽ പടക്കങ്ങളും ശബ്ദരഹിതമായ ചൈനീസ് പടക്കങ്ങളും കഴിഞ്ഞ രണ്ടു വർഷമായി വിപണിയിൽ താരങ്ങളായിരുന്നു.

ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലയിലാണ് വിഷുസമയത്ത് പടക്കങ്ങളുടെ ഉപയോഗം കൂടുതൽ. തെക്കൻ മേഖലകളിൽ അത്രത്തോളമില്ല. അതുകൊണ്ടു തന്നെ ട്രെൻഡ് നോക്കിയാണ് വ്യാപാരികൾ സാധനം സ്റ്റോക്ക് ചെയ്യാറുള്ളത്. എത്ര പുതിയ ഇനം എത്തിയാലും കമ്പിത്തിരിയടക്കം അപകടം കുറഞ്ഞ ഇനങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ.

 വേഗം നശിക്കും

ഉപയോഗിക്കാത്ത കമ്പിത്തിരിയുടെയും മത്താപ്പിന്റെയും ആയുസ് പരമാവധി രണ്ട് മാസമാണ്. അത് കഴിഞ്ഞാൽ ഇവ ഈർപ്പം തട്ടി സ്വയം തണുത്ത് ഉപയോഗശൂന്യമാകും. ഈ പ്രതിസന്ധിയാണ് ഇത്തവണ കച്ചവടം നടക്കുമോ എന്ന ആശങ്ക മൂലം കൂടുതൽ സ്റ്റോക്ക് എടുക്കുന്നതിൽ നിന്ന് വ്യാപാരികളെ പിന്നോട്ട് വലിച്ചത്.

 പ്രതിസന്ധി

ജില്ലയിൽ വിഷു, ദീപാവലി സീസണുകളിൽ മാത്രം ഉണർവിലാകുന്ന വിപണിയാണ് പടക്കത്തിന്റേത്. കച്ചവടമാകട്ടെ പരമാവധി മൂന്ന് ദിവസം വരെ മാത്രമേ നീളുകയുമുള്ളൂ. എത്ര നേരത്തേ സ്റ്റോക്കെടുത്ത് വച്ചാലും വിഷുവിന് തലേദിവസമാണ് കച്ചവടം കൊഴുക്കുന്നത്. സീസൺ കഴിഞ്ഞാൽ ആറ് മാസത്തേക്ക് കടകൾ തുറക്കുക പോലും വേണ്ട. ഇടയ്ക്ക് വരുന്ന ചില്ലറകച്ചവടങ്ങളൊഴിച്ചാൽ പടക്കവിപണി പൂർണമായും നിലച്ച മട്ടാവും.

 നിരത്തിലും നഷ്ടം

ആലപ്പുഴ നഗരത്തിൽ ലൈസൻസുള്ള പടക്കക്കടകളുടെ എണ്ണം നാലാണ്. എന്നാൽ വിഷു വിപണി ലക്ഷ്യമിട്ട് 15 ദിവസത്തെ താത്കാലിക അനുമതി വാങ്ങി നിരവധി പടക്കക്കടകളാണ് ദേശീയപാതയോരത്ത് ആരംഭിക്കാറുള്ളത്. ചുരുങ്ങിയ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്നതാണെങ്കിലും നിരവധി കുടുംബങ്ങൾക്ക് വരുമാനമാർഗ്ഗമായിരുന്നു.

......................................

ലക്ഷങ്ങളുടെ കച്ചവടം നടക്കേണ്ട സമയത്ത് കട പൂട്ടിയിടേണ്ടിവരുന്ന അനുഭവം ഇതാദ്യമാണ്. കൊവിഡ് 19 ആശങ്ക സൃഷ്ടിച്ചതുകൊണ്ടാണ് ഇത്തവണ സ്റ്റോക്ക് എടുക്കാതിരുന്നത്. അത് ഭാഗ്യമായി. അല്ലെങ്കിൽ നഷ്ടം ഇരട്ടിയാകുമായിരുന്നു

(പടക്കവ്യാപാരി)