ആഴ്ചയിൽ ലഭിക്കുന്ന 14 മണിക്കൂർ ഒന്നിനുമില്ലെന്ന് വർക്ക് ഷോപ്പ് ഉടമകൾ
ആലപ്പുഴ: ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കാൻ അനുമതി ലഭിച്ചെങ്കിലും വാഹന വർക്ക് ഷോപ്പുകൾ നിറയെ ലോക്ക് ഡൗൺ സമ്മാനിച്ച ബ്രേക്ക് ഡൗൺ സിൻഡ്രോം! മൂന്നാഴ്ച ചലനമില്ലാതെ കിടന്ന ഭൂരിഭാഗം വാഹനങ്ങളിലും ബാറ്ററി ഡൗണായിരിക്കും. വർക്ക്ഷോപ്പുകൾ തുറക്കുന്നതോടെ പലരും വാഹനങ്ങളുമായി എത്തിത്തുടങ്ങും. ആഴ്ചയിൽ ലഭിക്കുന്ന രണ്ട് ദിവസം കൊണ്ട് വണ്ടികളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുക അസാദ്ധ്യമാണെന്ന് വർക്ക്ഷോപ്പ് ജീവനക്കാർ പറയുന്നു.
വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെയാണ് വർക്ക്ഷോപ്പുകളുടെ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. ഒരു വാഹനത്തിലെ ബാറ്ററി ചാർജ് ചെയ്യാൻ ചുരുങ്ങിയത് 24 മണിക്കൂർ അവശ്യമാണ്. പ്രവർത്തിക്കാൻ ലഭിക്കുന്നതാവട്ടെ ദിവസം ഏഴു മണിക്കൂർ മാത്രം. അതിനാൽ കൊണ്ടുവരുന്ന ദിവസം തന്നെ വാഹനം തിരിച്ചു കൊടുക്കാൻ സാധിക്കില്ല. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് പണി തീർത്ത പല വാഹനങ്ങളും ഇപ്പോഴും വർക്ക് ഷോപ്പുകളിൽ തന്നെയുണ്ട്. അതിനൊപ്പം ഇനിയൊരു ഭാരം കൂടി വലിച്ചുവയ്ക്കാൻ വർക്ക് ഷോപ്പ് ഉടമകൾ തയ്യാറല്ല.ഓരോ കടകളിലും ഉപകരണങ്ങളും യന്ത്രങ്ങളുമെല്ലാം വൃത്തിയാക്കിവരുമ്പോൾ തന്നെ ആദ്യത്തെ ഒരു മണിക്കൂർ പോകും. ഓയിൽ മാറാൻ അര മണിക്കൂറും ബ്രേക്ക് ഡൗൺ പരിഹരിക്കാൻ മൂന്ന് മുതൽ നാല് മണിക്കൂർ വരെയും വേണ്ടിവന്നേക്കും. അതിനാൽ ചെറിയ അറ്റകുറ്റപ്പണികൾ മാത്രമേ പരിഹരിച്ചു നൽകാൻ സാധിക്കൂ.
പുറത്തിറക്കാനാവാതെ
പണി പൂർത്തിയായിട്ടും വീടുകളിലേക്ക് കൊണ്ടുപോകാൻ കഴിയാതെ വർക്ക് ഷോപ്പുകളിൽ തന്നെ കിടക്കുന്ന വാഹനങ്ങളിൽ വീണ്ടും 'കൈവയ്ക്കേണ്ടി' വന്നേക്കാം. ലോക്ക് ഡൗൺ നീണ്ടു പോയാൽ വാഹനങ്ങൾ ഉടമകളുടെ കൈവശമെത്താൻ ഇനിയും സമയമെടുക്കും. ചെറിയ അറ്റകുറ്റപ്പണികൾ മാത്രമേ ഇനി സാദ്ധ്യമാവൂ.
# ചില വണ്ടിക്കാര്യങ്ങൾ
വീട്ടിൽക്കിടക്കുന്ന വാഹനങ്ങൾ എല്ലാ ദിവസവും കുറച്ച് സമയം ഓൺ ആക്കണം
ഒരു പരിധി വരെ ബാറ്ററി ചാർജ് നിലനിൽക്കാൻ ഇത് സഹായകരം
ഓട്ടത്തിൽ ലഭിക്കുന്ന ചാർജിന്റെ മൂന്നിലൊന്ന് പോലും ഈ സ്റ്റാർട്ടിംഗിൽ ലഭിക്കില്ല
പ്രവർത്തനമില്ലാതെ ടയറുകൾ ഉറഞ്ഞു പോകാൻ സാദ്ധ്യതയേറെ
ഓട്ടത്തിൽ വാഹനത്തിന് ചാട്ടം അനുഭവപ്പെടുന്നത് പ്രധാന ലക്ഷണം
സെൽഫ് വാഹനങ്ങളിൽ പലതിന്റെയും ബാറ്ററി തകരാറിലായിട്ടുണ്ടാവാം
സ്ഥിരം ഹാൻഡ് ബ്രേക്കിടുന്നത് പിന്നിലെ വീലുകൾ ജാമാക്കാൻ സാദ്ധ്യത
...................................
വാഹനങ്ങളുടെ പ്രശ്നം കണ്ടെത്തി അവ പരിഹരിക്കാൻ മണിക്കൂറുകളോളം നീളുന്ന അദ്ധ്വാനം വേണം. ബ്രേക്ക് ഡൗണായ വാഹനങ്ങളുമായി കൂടുതൽപേർ എത്താൻ സാദ്ധ്യതയുണ്ട്. എല്ലാം ഏറ്റെടുത്താൽ അവർ പറയുന്ന ദിവസം തിരിച്ചുകൊടുക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും ലഭിച്ച രണ്ട് ദിവസം കൊണ്ട് ചെറിയ അറ്റകുറ്റപ്പണികൾ ചെയ്തുകൊടുക്കാനാവും
(കെ.എസ്. സിൻഗ, കെ.എസ് വർക്ക്ഷോപ്പ് ഉടമ, ഹരിപ്പാട്)
..........................................
എല്ലാ ദിവസവും വണ്ടി സ്റ്റാർട്ട് ചെയ്തിടുന്നുണ്ട്. ഓടിത്തുടങ്ങുമ്പോഴെ പ്രശ്നങ്ങൾ പ്രകടമാകൂ. അനങ്ങാതെ കിടക്കുന്നതിനാൽ ടയറിന്റെ കാര്യത്തിൽ ആശങ്കയുണ്ട്
(പ്രദീപ് തമ്പുരാൻ, ആട്ടോറിക്ഷാ ഡ്രൈവർ)